കട്ടപ്പന: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കട്ടപ്പന മിനി സ്റ്റേഡിയത്തിൽ സ്വീകരണം നൽകും. ഒരുക്കങ്ങൾ പൂർത്തിയായതായി യു.ഡി.എഫ്. നേതാക്കൾ അറിയിച്ചു. ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന സമ്മേളനം കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ഇ.എം. ആഗസ്തി അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ്. നേതാക്കളായ കെ.പി.എ. മജീദ്, പി.ജെ. ജോസഫ്, എം.കെ. പ്രേമചന്ദ്രൻ എം.പി, ഇബ്രാഹിംകുട്ടി കല്ലാർ, റോയി കെ.പൗലോസ് തുടങ്ങിയവർ പ്രസംഗിക്കും. അശോക ജംഗ്ഷനിൽ നിന്നും തുറന്ന വാഹനത്തിൽ രമേശ് ചെന്നിത്തലയെ മിനി സ്റ്റേഡിയത്തിലേക്ക് സ്വീകരിക്കും
സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന പ്രവർത്തകരുടെ വാഹനങ്ങൾക്ക് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വാഴവര, വെള്ളയാംകുടി, നത്തുകല്ല് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഇടുക്കിക്കവല, ടൗൺ ഹാൾ വഴി ബൈപാസ് റോഡിൽ എത്തണം. വലിയപാറ, കൊച്ചുതോവാള, പുളിയൻമല, കുന്തളംപാറ, വള്ളക്കടവ്, തൊവരയാർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പള്ളിക്കവല വഴി ബൈപാസിലെത്തണം. ബൈപാസ് റോഡിൽ നിന്നുള്ള പ്രകടനം 1.30ന് ആരംഭിക്കും.
സമ്മേളനത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് 5ന് വെള്ളയാംകുടിയിൽ നിന്ന് വിളംബര റാലി നടത്തുമെന്ന് നേതാക്കളായ ജോണി കുളംപള്ളി, തോമസ് പെരുമന, ജോയി പൊരുന്നോലി, ജോയി കുടക്കച്ചിറ, സിജു ചക്കുംമൂട്ടിൽ, ഫിലിപ്പ് മലയാറ്റ് എന്നിവർ അറിയിച്ചു.