എലിക്കുളം : നാട്ടുചന്തകളെ സംരക്ഷിക്കുവാൻ ജില്ലാ പഞ്ചായത്ത് എല്ലാ സഹായവും നല്കുമെന്ന് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസി ഷാജൻ പറഞ്ഞു. തളിർ പച്ചക്കറി ഉല്പാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ എലിക്കുളം നാട്ടുചന്തയിൽ നടന്ന അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജില്ലയിലെ മികച്ച കൃഷി ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട എലിക്കുളം കൃഷി ഓഫീസർ നിസ്സാ ലത്തീഫിനേയും, വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോ-ഓർഡിനേറ്റർ, എസ്.ബിജുവിനേയും ചടങ്ങിൽ ആദരിച്ചു. തളിർ പച്ചക്കറി ഉല്പാദക സംഘം പ്രസിഡന്റ് സെബാസ്റ്റ്യൻ വെച്ചൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ, എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി.വൈസ് പ്രസിഡന്റ് സിൽവി വിൽസൺ, അംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്,സിനി ജോയ്, ദീപ ശ്രീജേഷ് തളിർ പച്ചക്കറി ഉല്പാദക സംഘം ഭാരവാഹികളായ ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, ജിബിൻ വെട്ടം തുടങ്ങിയവർ പ്രസംഗിച്ചു.