ലൈഫ് പദ്ധതി


കട്ടപ്പന: ലൈഫ് പദ്ധതിപ്രകാരം അനുവദിച്ച വീടിന്റെ നിർമാണം പൂർത്തീകരിക്കാൻ ഉപ്പുതറ പുതുപ്പറമ്പിൽ ജമീലയും മകൻ ഷെജിമോനും മുട്ടാത്ത വാതിലുകളില്ല. നിർമാണ ജോലികൾ പാതിവഴിയിൽ ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങിയതായാണ് പരാതി. അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങണമെന്ന സ്വപ്‌നം ബാക്കിയാക്കി ജമീലയുടെ ഭർത്താവ് ബഷീർ അഞ്ച്മാസം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇദ്ദേഹത്തിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിലെങ്കിലും വീട് പൂർത്തീകരിക്കണമെന്ന ആഗ്രഹത്തോടെ ഇരുവരും പരാതികളുമായി ഓഫീസുകൾ കയറിയിറങ്ങുകയാണ്. 2019ലാണ് ബഷീറിന് വീട് അനുവദിച്ചത്. തുടർന്ന് ആകെയുള്ള അഞ്ച് സെന്റ് സ്ഥലത്ത് വീട് നിർമിക്കാൻ ഇരാറ്റപേട്ട സ്വദേശിക്ക് കരാർ നൽകി. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാമെന്ന വ്യവസ്ഥയിൽ ഗഡുക്കളായി ലഭിച്ച 3.6 ലക്ഷം രൂപയിൽ ആദ്യഘട്ടമായി 2.8 ലക്ഷം രൂപയും കരാറുകാരന് നൽകി. എന്നാൽ ജോലികൾ പാതിവഴിയിൽ ഉപേക്ഷിച്ച് ഇയാൾ മുങ്ങുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ സെ്ര്രപംബർ നാലിന് ഹൃദയാഘാതത്തെ തുടർന്ന് ബഷീർ മരിച്ചു. നിരവധി തവണ കരാറുകാരനുമായി ബന്ധപ്പെട്ടെങ്കിലും നിർമാണം പൂർത്തീകരിക്കാൻ ഇയാൾ തയാറായില്ല. തുടർന്ന് കലക്ടർ, കട്ടപ്പന ഡിവൈ.എസ്.പി, ഉപ്പുതറ സി.ഐ. എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ് ജമീലയും ഷെജിമോനും.