etumanur

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 14 മുതൽ 23 വരെ നടക്കും. 21ന് ഏഴരപൊന്നാന ദർശനം. അവലോകന യോഗം നഗരസഭാ ചെയർ പേഴ്‌സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡംഗം പി.എം തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ കർശനം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവേശനം പാസ്സ് മൂലം, പാസുകൾ കല്ല്യാണ മണ്ഡപത്തിലുള്ള ക്ഷേത്ര ഉപദേശക സമിതി ഓഫീസിൽ നിന്നും മുൻകൂട്ടി വിതരണം ചെയ്യും. ആറാട്ട് ദിവസം ഒഴികെയുള്ള ദിവസങ്ങളിൽ പുലച്ചെ 4 മുതൽ 7 വരെ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. കൊടിമരചുവട്ടിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വഴിപാടുകൾ നടത്താനുള്ളവർക്ക് മാത്രം പ്രവേശനം. 1 മുതൽ 8 വരെയുള്ള ഉത്സവദിവസങ്ങളിൽ രാവിലെ 2000, വൈകിട്ട് 2000 പേരെയും 8 ാം ഉത്സവം ഏഴരപ്പൊന്നാന ദർശനത്തിന് 5000 പേരെയും 9, 10 ഉത്സവദിവസങ്ങളിൽ 5000 പേർക്കും പ്രവേശനം. ആസ്ഥാന മണ്ഡപത്തിൽ ദർശനം ആരംഭിക്കുന്ന രാത്രി 9 മുതൽ ഭക്തജനങ്ങളെ 50 പേരടങ്ങുന്ന ചെറു സംഘങ്ങൾക്ക് പ്രവേശനം. പ്രധാന ഗോപുര വാതിലിൽ നിന്നും ആസ്ഥാന മണ്ഡപത്തിന് മുന്നിലെത്തി ദർശനം നടത്തി കൃഷ്ണൻ കോവിലിന് മുന്നിലൂടെ പുറത്തേയ്ക്ക് പോകണം. എഴുന്നള്ളിപ്പിന് മുൻപിൽ 100 മീറ്റർ അകലെ മാത്രമേ നിൽക്കുവാൻ അനുവദിക്കൂ. ആറാട്ട് ദിവസം രാവിലെ 6 മുതൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12 ന് ആറാട്ട് എഴുന്നള്ളിപ്പ്. 12 മുതൽ വൈകിട്ട് 5 വരെ ആറാട്ട് ദർശനം ആനകൊട്ടിലിൽ പത്യേകം അലങ്കരിച്ച മണ്ഡപത്തിൽ. ഭക്തജനങ്ങൾക്ക് പറ, അൻപൊലി വഴിപാടുകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിക്കും. ആറാട്ട് ദിവസം വൈകിട്ട് 5 ന് ആറാട്ട് പുറത്തേക്ക് എഴുന്നള്ളിക്കും. എഴുന്നള്ളിപ്പ് വീഥിയിൽ വഴിപാടുകൾ സ്വീകരിക്കില്ല. ദീപങ്ങൾ തെളിയിച്ച് എതിരേൽക്കാം. ക്ഷേത്ര ഗോപുരങ്ങളിൽ പ്രധാന ഗോപുരമായ പടിഞ്ഞാറെ ഗോപുരത്തിലൂടെ അകത്ത് പ്രവേശിക്കേണ്ടതും കൃഷ്ണൻ കോവിലിലൂടെ പുറത്തേക്ക് പോകേണ്ടതുമാണ് മറ്റ് വാതിലുകൾ തുറക്കുന്നതല്ല. ആറാട്ട് എഴുന്നള്ളിപ്പിനോടൊപ്പം 20 ആളുകൾക്ക് മാത്രമാണ് അനുവാദമുള്ളത്. ആറാട്ട് കടവിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.