വൈക്കം : കണിയാം തോടിന് കുറുകെ പൂന്തോടം ഭാഗത്ത് പാലം നിർമ്മിച്ച് യാത്രാ സൗകര്യം ഒരുക്കണമെന്ന് നഗരസഭ 26-ാം വാർഡ് സഭ ആവശ്യപ്പെട്ടു. പാലം ഉയർന്നാൽ ഒട്ടേറെ മേഖലകൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ സൗകര്യമാകും. 26-ാം വാർഡിൽ അങ്കണവാടി നിർമ്മിക്കാൻ പൂന്തോടത്ത് ബാബുരാജും, ബിനുരാജും ചേർന്ന് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകിയെങ്കിലും ഇതുവരെ നിർമ്മാണം തുടങ്ങിയില്ല. ഇതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് വാർഡ് സഭയിൽ ആവശ്യമുയർന്നു. അങ്കണവാടിയിലേക്കുള്ള യാത്രാ സൗകര്യം ഒരുക്കാനുള്ള നടപടിയും ഉണ്ടാവണം. നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഹരിദാസൻ നായർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അശോകൻ വെള്ളവേലി, പ്രീത രാജേഷ്, ബിജിമോൾ, ലേഖ ശ്രീകുമാർ, എൻ. അയ്യപ്പൻ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ബി. ഐ. പ്രദീപ് കുമാർ, വാർഡ് വികസന സമിതി കൺവീനർ കെ. രമേശൻ എന്നിവർ പ്രസംഗിച്ചു.