
കോട്ടയം : മീനച്ചിലാറ്റിൽ നിന്ന് മീനന്തറയാറ്റിലേക്ക് വെള്ളമെത്തിക്കുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർത്ഥ്യമായി. രണ്ടരക്കോടി രൂപയോളം ചെലവഴിച്ച് തോടുകൾ തെളിച്ചും, പമ്പ് ഹൗസും, മോട്ടോറുകളും സ്ഥാപിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. മീനന്തറയാറ്റിലേക്ക് മീനച്ചിലാറ്റിൽ നിന്ന് മുൻപുണ്ടായിരുന്ന കൈവഴികൾ അടഞ്ഞു പോയിരുന്നു. കൂടാതെ നദിയുടെ ഉത്ഭവസ്ഥാനത്തെ തോടുകൾ ഇല്ലാതായി. നദി പുനർ സംയോജന പദ്ധതിയുടെ ഭാഗമായി അടഞ്ഞു പോയ തോടുകൾ ജനകീയമായി വീണ്ടെടുത്തതോടെ 1200 ഏക്കർ തരിശുനിലങ്ങളിൽ കൃഷി മടങ്ങി വന്നു. ഇത് നിലനിറുത്തുന്നതിനും സാധിക്കും. മൂന്നു പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനും ഇതോടെ പരിഹാരമാകും. അയർക്കുന്നം, മണർകാട്, വിജയപുരം പഞ്ചായത്തുകളിലെ ആയിരത്തി അഞ്ഞൂറിലേറെ ഏക്കർ നെൽക്കൃഷി വീണ്ടെടുത്ത ഇടങ്ങളിൽ ജലസേചനം സാധ്യമാകും. 16 ന് രാവിലെ 11 ന് രാവിലെ ആറുമാനൂരിൽ പുതിയ പമ്പ് ഹൗസിന് സമീപം നടക്കുന്ന സമ്മേളനത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ജനകീയ ഇടപെടലിനൊപ്പം സർക്കാർ ഒത്തുചേർന്നു പ്രവർത്തിക്കുന്നതിന്റെ മികച്ച മാതൃകയാണ് പദ്ധതിയെന്ന് നദീ പുനർ സംയോജന പദ്ധതി കോ-ഓർഡിനേറ്റർ കെ.അനിൽകുമാർ അറിയിച്ചു.