പാലാ : മഹാകവികളായ കുമാരനാശാനും, പാലാ നാരായണൻ നായർക്കും സ്മാരകം ഉൾപ്പെടെ 27 കോടിയുടെ നഗരസഭ ബഡ്ജറ്റ് വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ് അവതരിപ്പിച്ചു. മഹാകവി കുമാരനാശാൻ സ്മാരക മ്യൂസിയം, ആശാന്റെ പ്രതിമ സ്ഥാപിക്കൽ എന്നിവയ്ക്കായി 10 ലക്ഷം രൂപയും മഹാകവി പാലാ നാരായണൻനായരുടെ സ്മരണ നിലനിർത്തുന്നതിന് സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നതിന് 3 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. നഗരസഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും വീട് നിർമ്മിക്കുന്നതിന് ''ഭവനശ്രീ'' പദ്ധതി നടപ്പാക്കും. മൂന്ന് വർഷത്തിനുള്ളിൽ പൂർത്തീകരിക്കുന്ന പദ്ധതിയുടെ തുടക്കപ്രവർത്തനങ്ങൾക്കായി 2.23 കോടി നീക്കിവച്ചിട്ടുണ്ട്.
വഴിയാത്രക്കാർക്ക് ആധുനിക സൗകര്യങ്ങളുള്ള കംഫർട്ട് സ്റ്റേഷൻ ലഭ്യമാക്കുന്നതിനും യാത്രയ്ക്കിടയിൽ ഇടവേള കണ്ടെത്തുന്നതിനും 'ടേയ്ക്ക് എ ബ്രേക്ക് ' വിശ്രമകേന്ദ്രങ്ങൾ ഏർപ്പെടുത്തും. ഇതോടൊപ്പം നിലവിലുള്ള കംഫർട്ട് സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. ഇതിനായി 21 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. 'വിശപ്പ് രഹിത പാലാ' നടപ്പിലാക്കുന്നതിന്റെ ഭാഗമായി രണ്ടാമത്തെ ജനകീയ ഭക്ഷണശാല കൊട്ടാരമറ്റത്ത് ആരംഭിക്കും. മീനച്ചിലാറിന്റെ തീരം ഇടിച്ചിലിന് പരിഹാരമായി ആറ്റുവഞ്ചി വച്ചുപിടിപ്പിക്കുന്നതിന് അഞ്ചുലക്ഷം രൂപ വകയിരുത്തി. നിലവിൽ ടൗൺ ബസ് സ്റ്റാൻഡ് നിൽക്കുന്ന സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് കം മൾട്ടിലവൽ പാർക്കിംഗ് പ്ലാസ നിർമ്മിക്കും. തരിശായി കിടക്കുന്ന പുരയിടങ്ങൾ ഏറ്റെടുത്ത് സംഘകൃഷി നടത്തുന്നതിനുള്ള 'ഹരിതസമൃദ്ധി പദ്ധതി' നടപ്പാക്കും. ഇതിനായി 10 ലക്ഷം വകയിരുത്തി.
കൂടുതൽ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് 81 ലക്ഷവും, റോഡുകളുടെ നവീകരണത്തിന് 1.45 കോടിയും, വിവിധ സ്‌കൂളുകൾ, ആശുപത്രികൾ, നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായി 45 ലക്ഷം രൂപയും വകയിരുത്തി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിന് 20 ലക്ഷം രൂപയും പാലിയേറ്റീവ് പരിചരണ പദ്ധതിക്കായി 12.5 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ബഡ്ജറ്റ് അവതരണ സമ്മേളനത്തിൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു.
ബഡ്ജറ്റ് ഒറ്റ നോട്ടത്തിൽ
ഭവനശ്രീ പദ്ധതി : 2.23 കോടി
ഹരിതസമൃദ്ധി പദ്ധതി : 10 ലക്ഷം
കുടിവെള്ള പദ്ധതി : 81 ലക്ഷം
റോഡുകളുടെ നവീകരണം : 1.45 കോടി
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി : 50 ലക്ഷം
ഷോപ്പിംഗ് കോംപ്ലക്‌സ് കം മൾട്ടിലവൽ പാർക്കിംഗ് പ്ലാസ : 5 കോടി
ബഡ്ജറ്റ് ചർച്ച പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു
ഇന്നലെ രാവിലെ അവതരിപ്പിച്ച ബഡ്ജറ്റിന്മേൽ ഉച്ചതിരിഞ്ഞ് ചർച്ച നടത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചർച്ച ബഹിഷ്ക്കരിച്ചു. ഭരണപക്ഷത്തിന് എന്തോ ഒളിച്ചുവയ്ക്കാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി കുറ്റപ്പെടുത്തി. ബഡ്ജറ്റ് വായിച്ചു മനസ്സിലാക്കിയതിന് ശേഷം പിന്നീട് ചർച്ചയാകാം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. എന്നാൽ ഇതിനെതിരെ ഭരണപക്ഷാംഗങ്ങൾ ശബ്ദമുയർത്തി. ഇക്കാര്യത്തിൽ ചെയർമാൻ ഏകാധി പതിയെപ്പോലെ പെരുമാറുകയാണെന്നും പ്രതിപക്ഷത്തെ മുഖവിലയ്‌ക്കെടുക്കാത്ത നടപടിയാണെന്നും സതീഷ് ചൊള്ളാനി പറഞ്ഞു.