kappan

കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഞായറാഴ്ച പാലായിൽ എത്തുമ്പോൾ സ്വീകരിക്കാതിരിക്കാൻ മാണി സി. കാപ്പനു കഴിയില്ല

എൻ.സി.പി ഇടതു മുന്നണി വിടുന്നില്ലെങ്കിലും താൻ ഒറ്റയ്ക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയായി പാലായിൽ മത്സരിക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് കാപ്പന് ഇനി പിൻതിരിയാനാവില്ല . എൽഡി.എഫ് നേതൃത്വം കാപ്പനെ തള്ളിപ്പറഞ്ഞു കഴിഞ്ഞു . കാപ്പന്റെ കഴിവുകൊണ്ടല്ല പാലായിൽ ജയിച്ചത്, ഇടതു മുന്നണിയുടെ പ്രവർത്തനം കൊണ്ടാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പറഞ്ഞതിന് പിറകേ കാപ്പൻ പോയാൽ എൽ.ഡി.എഫിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് മന്ത്രി എം.എം മണിയും പ്രതികരിച്ചു. ഈ സാഹചര്യത്തിൽ ഇനി ആട്ടും തുപ്പും സഹിച്ച് എൽ.ഡി.എഫിൽ തുടരാൻ കഴിയില്ല . മുന്നണി വിടുകയേ മാർഗമുള്ളൂ.

ചെന്നിത്തല ളാലം കവലയിൽ എത്തുമ്പോൾ തുറന്ന ജീപ്പിൽ സ്വീകരിക്കാനെത്തുന്ന കാപ്പന്റെ കട്ടൗട്ടും മുഖം മൂടിയുമെല്ലാം തയ്യാറാക്കി ബൈക്ക് റാലി നടത്താൻ അനുയായികൾ കാത്തിരിക്കുകയാണ് . അവസാന നിമിഷം കല്യാണം മാറ്റി വെച്ചതു പോലെ എൻസി.പി ദേശീയ നേതൃത്വം പാലാ സീറ്റിനെ ചൊല്ലി ഇടതു മുന്നണി വിടേണ്ടെന്ന നിലപാട് സ്വീകരിച്ചാലും മുന്നോട്ട് വെച്ച കാൽ പിന്നോട്ട് എടുക്കാൻ കാപ്പന് കഴിയില്ല . ഒറ്റക്കു വന്നാലും കാപ്പന് പാലാ സീറ്റ് നൽകുമെന്ന് കോൺഗ്രസ് നേതാക്കൾ ഉറപ്പു നൽകിയതിനാൽ സീറ്റിന്റെ കാര്യത്തിൽ പ്രശ്നമില്ല . എൻ.സി.പി സംസ്ഥാന ഘടകത്തിന് ദേശീയ നിലപാടിന് ഒപ്പമേ നിൽക്കാൻ കഴിയുകയുള്ളൂ.

 കാപ്പനെതിരെ പാലായിൽ ഇന്ന് പ്രകടനം

യു.ഡി.എഫിൽ പോകുന്ന കാപ്പനെതിരെ എൻ.സി.പി പാലാ ബ്ലോക്ക് കമ്മിറ്റിയിലെ ഒൗദ്യോഗിക വിഭാഗം ഇന്ന് പാലായിൽ പ്രകടനം നടത്തും. കോട്ടയം ജില്ലാ പ്രസിഡന്റ് സാജു എം. ഫിലിപ്പും പാലാ ബ്ലോക്ക് പ്രസിഡന്റ് ജോഷി പുതുമനയും മാത്രമാണ് കാപ്പനൊപ്പമുള്ളതെന്ന് എൻ.സി.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.വി.ബേബി ആരോപിച്ചു.