പാലാ : രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയുടെ കോട്ടയം ജില്ലയിലെ ആദ്യ സമ്മേളനം നാളെ രാവിലെ 9.30 ന് പാലായിൽ നടക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിൽ 9.30 ന് എത്തിച്ചേരുന്ന ഐശ്വര്യകേരളയാത്രയെ സ്വീകരിച്ച് ആദ്യ സമ്മേളന സ്ഥലമായ പാലായിലേക്ക് ആനയിക്കും. 10 ന് പാലാ കുരിശുപള്ളിക്കവലയിൽ എത്തിച്ചേരുന്ന യാത്രയെ രാമപുരം, ഭരണങ്ങാനം, കടനാട്, തലനാട്, തലപ്പലം, മൂന്നിലവ്, മേലുകാവ്, മീനച്ചിൽ, കരൂർ, മുത്തോലി, കൊഴുവനാൽ, എലിക്കുളം, പാലാ എന്നീ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ ചേർന്ന് വരവേൽക്കും. വാദ്യമേളങ്ങൾ, ബൈക്ക് റാലി എന്നിവയുമുണ്ട്. കുരിശുപള്ളിക്കവലയിൽനിന്ന് ചെന്നിത്തലയെ സമ്മേളനവേദിയായ ളാലം പാലം ജംഗ്ഷനിലേക്ക് സ്വീകരിച്ചാനയിക്കും. പൊതുസമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് തുടങ്ങിയവർ പ്രസംഗിക്കുമെന്ന് യു.ഡി.എഫ് നേതാക്കളായ പ്രൊഫ. സതീഷ് ചൊള്ളാനി, ജോർജ്ജ് പുളിങ്കാട്, റോയി മാത്യു, അനസ് കണ്ടത്തിൽ, കെ.റ്റി. ജോസഫ്, മൈക്കിൾ കാവുകാട്ട് എന്നിവർ പറഞ്ഞു.