പാലാ : രാമപുരം പൊലീസ് സ്‌റ്റേഷന് ഇനി പുതിയ മുഖം. സ്റ്റേഷന്റെ പുതിയ മന്ദിരം പണി പൂർത്തിയായി. നിലവിലെ സ്റ്റേഷൻ മന്ദിരത്തോട് ചേർന്നാണ് പുതിയ രണ്ടുനില കെട്ടിടം പണിതുയർത്തിയിട്ടുള്ളത്. അരനൂറ്റാണ്ട് പഴക്കമുള്ള സ്‌റ്റേഷന്റെ മുഖച്ഛായ തന്നെ മാറ്റുന്നതാണ് പുതിയ മന്ദിരം. 90 ലക്ഷത്തോളം രൂപ മുടക്കി ഹാബിറ്റാറ്റിന്റെ ചുമതലയിലാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. ഒരു വർഷം മുമ്പാണ് നിർമ്മാണം തുടങ്ങിയത്. പുതിയ കെട്ടിടം പ്രവർത്തനസജ്ജമായതോടെ സർക്കിൾ, സബ് ഇൻസ്‌പെക്ടർ ഓഫീസുകൾ ഇനി ഈ മന്ദിരത്തിൽ പ്രവർത്തിക്കും. പഴയ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കും. നിർമ്മാണം പൂർത്തിയായ കെട്ടിടം പരിശോധിക്കാൻ ജില്ലാ പൊലീസ് ചീഫ് ഡി.ശില്പ ഇന്നലെ രാമപുരത്ത് എത്തിയിരുന്നു. 15 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഇതോടൊപ്പം കാഞ്ഞിരപ്പള്ളി പൊലീസ് സ്‌റ്റേഷൻ മന്ദിരവും മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി, മാണി സി. കാപ്പൻ എം.എൽ.എ, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ബൈജു ജോൺ, പാലാ ഡിവൈ.എസ്.പി കെ.ബി.പ്രഫുല്ലചന്ദ്രൻ, രാമപുരം സി.ഐ കെ.അനിൽ കുമാർ, എസ്.ഐ ഡിനി തുടങ്ങിയവർ പ്രസംഗിക്കും.