കൂട്ടിക്കൽ : കൂട്ടിക്കൽ പഞ്ചായത്തിലെ അഞ്ചാം വാർഡ് ഞാർക്കാട്ടിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. വെട്ടിക്കൽ പുരുഷോത്തമൻ, രേവമ്മ എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീടിന് സമീപത്തുള്ള റബർ തോട്ടത്തിലെ കുടിവെള്ളം ശേഖരിക്കാൻ പോകുന്നതിനിടെയാണ് സംഭവം. ദേഹമാസകലം പരിക്കേറ്റ ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയോരമേഖലയിൽ കാട്ടുപന്നിയുടെ ആക്രമണവും കൃഷി നശിപ്പിക്കലും പതിവായിരിക്കുകയാണ്. കാട്ടുപന്നി കൂട്ടത്തോടെ റോഡിൽ ഇറങ്ങുന്നത് വാഹനയാത്രക്കാരെയും ഭീതിലാഴ്ത്തുന്നു. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.