 
കട്ടപ്പന: ഓട്ടത്തിനിടെ നിയന്ത്രണം വിട്ട കാർ ഇരട്ടയാർ അണക്കെട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 11 ഓടെയാണ് അപകടം. ഇരട്ടയാർ നോർത്തിൽ നിന്നു കട്ടപ്പനയിലേക്ക് വരികയായിരുന്ന കാർ, ഡാം സൈറ്റ് റോഡിലെ ഇറക്കത്തെ വളവിൽ നിയന്ത്രണംവിട്ട് ഡാമിലേക്ക് മറിയുകയായിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്തെ മൺതിട്ടയിലൂടെ കാർ തെന്നിനീങ്ങുന്നതിനിടെ ഡ്രൈവർ വാതിൽ തുറന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടു. വാഹനത്തിൽ ഇയാൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചു. ഇന്നലെ രാവിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് കാർ കരയ്‌ക്കെത്തിച്ചു.