kavarcha

കോട്ടയം: അയർക്കുന്നത്ത് ചേന്നാമറ്റം പുത്തൻപുരയ്ക്കൽ റിട്ട. അദ്ധ്യാപകൻ ജോസിന്റെ ഭാര്യ ലിസമ്മയെ (60) കെട്ടിയിട്ട് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്ന കേസിൽ അന്വേഷണം മറ്റു ജില്ലകളിലേയ്ക്കും വ്യാപിപ്പിച്ചു. പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സി.സി.ടി.വി കേന്ദ്രീകരിച്ചും സമാന രീതിയിൽ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുന്നവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് ജില്ലകളിലേയ്ക്കു കൂടി തെരച്ചിൽ വ്യാപിപ്പിച്ചത്.
പ്രദേശത്തെ അഞ്ചു കിലോമീറ്റർ ചുറ്റുളവിലുള്ള സി.സി.ടിവികൾക്ക് പുറമേ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സമാനമായ രീതിയിൽ കവർച്ച നടത്തിയവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അയർക്കുന്നം സ്‌റ്റേഷൻ ഹൗസ് ഓഫീസർ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ രണ്ടു സംഘമായി തിരിഞ്ഞാണ് അന്വേഷണം. സമീപത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിൽ നിന്നും രണ്ടു പേരെ വീതം സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 കവർച്ച വാക്സിന്റെ പേരിലെത്തി
കൊവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ടെന്ന പേരിൽ എത്തിയ യുവാവാണ് പിന്നീട് വെള്ളം ചോദിക്കുകയും, വെള്ളമെടുക്കാൻ ലിസമ്മ പോയപ്പോൾ പിന്നാലെയെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തത്. അണിഞ്ഞിരുന്ന അഞ്ചു പവൻ മാല, രണ്ടു കമ്മലുകൾ, മോതിരം എന്നിവയും അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും അജ്ഞാതൻ കവർന്നിരുന്നു.

 സൂചന ലഭിച്ചു, എങ്കിലും

തിരിച്ചറിഞ്ഞില്ല

'നിർണായക സൂചനകൾ ലഭിച്ചെങ്കിലും പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല ലോഡ്ജുകൾ ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.'

- ഡി.ശിൽപ്പ ,ജില്ലാ പൊലീസ് മേധാവി.