chinnakanal


ചിന്നക്കനാൽ: കൊച്ചി ധനുഷ്‌കോടി ദേശീയ പാതയുടെ ഭാഗമായ ദേവികുളം ഗ്യാപ് റോഡിന്റെ നിർമാണം അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ പവർഹൗസിനു സമീപം ഉപരോധം സംഘടിപ്പിച്ചു. പാറ പൊട്ടിച്ചു കൊണ്ടു പോകുന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. പൊലിസ് എത്തി നാട്ടുകാരുമായി ചർച്ച നടത്തി. 2 മാസത്തിനുള്ളിൽ ഗതാഗത പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥർ നാട്ടുകാരോട് പറഞ്ഞു. ഇതേ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ഗ്യാപ് റോഡ് ഗതാഗത യോഗ്യമാക്കാത്തതിനാൽ ചിന്നക്കനാൽ മേഖലയിലുള്ളവർ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചാണ് മൂന്നാറിലെത്തുന്നത്. റോഡ് നിർമാണം വൈകുന്നത് ടൂറിസത്തിനും തിരിച്ചടിയാണ്. കഴിഞ്ഞ ഡിസംബറിൽ റോഡ് തുറന്നു നൽകുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ 2 തവണയുണ്ടായ മലയിടിച്ചിലിൽ റോഡ് നിർമാണം തടസപ്പെട്ടതിനാൽ നിർമാണ കാലാവധി ദീർഘിപ്പിച്ചു നൽകിയിട്ടുണ്ടെന്നാണ് ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥരുടെ വിശദീകരണം.