
കോട്ടയം : കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ ജനക്ഷേമപദ്ധതികൾ നടപ്പാക്കിയ ഇടതുമുന്നണി സർക്കാർ ചരിത്രം തിരുത്തി ഇത്തവണ തുടർഭരണത്തിലെത്തുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. ജില്ലയിലെ നിയോജകമണ്ഡലം പ്രസിഡന്റുമാരുടേയും സംസ്ഥാന ഭാരവാഹികളുടേയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണിയിൽ സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചിട്ടില്ല. നടക്കാത്ത ചർച്ചയുടെ പേരിലാണ് എൻ.സി.പിയിലെ ഇപ്പോഴത്തെ വിവാദമെന്നും ജോസ് കെ. മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ ചെയര്‍മാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്ത നടപടിക്ക് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചതിന് ശേഷമുള്ള ആദ്യയോഗമാണ് കോട്ടയത്ത് ചേർന്നത്. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോർജ്, പ്രൊഫ. ലോപ്പസ് മാത്യു, അഡ്വ. ജോബ് മൈക്കിള്‍, വിജി എം.തോമസ്, ജോസ് പുത്തന്‍കാലാ, പി.എം മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.