
കോട്ടയം: ഇടിച്ചക്കക്ക് സുവർണകാലം. ഒരെണ്ണത്തിന് ശരാശരി 50രൂപയാണ് വില. ഇടനിലക്കാർ തൊടികൾ കയറിയിറങ്ങി പ്ലാവ് മുഴുവനായി കച്ചവടം ഉറപ്പിച്ച് പാകമാവും മുമ്പേ പറിച്ച് വടക്കേ ഇന്ത്യയിലേക്ക് കയറ്റിവിടുകയാണ്. ഫുഡ് ഐറ്റങ്ങൾ നിർമ്മിക്കുന്ന വൻകിട കമ്പനിക്കാരാണ് ഇടിച്ചക്ക വാങ്ങുന്നത്. പ്രോഡക്ടുകളാവട്ടെ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. ഈ നില തുടർന്നാൽ ഇക്കുറി തേൻവരിക്കയുടെ സ്വാദ് പോലും നുകരാൻ കേരളീയർക്കാവില്ല.
വീടുകൾ കയറിയിറങ്ങിയാണ് ഇടനിലക്കാർ വൻകമ്പനികൾക്കായി പ്ലാവ് മുഴുവനായി വില പറഞ്ഞ് കച്ചവടം ഉറപ്പിക്കുക. ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ ലോറികളുമായി എത്തി പ്ലാവിലെ മൂപ്പെത്താത്ത ചക്ക മുഴുവനായി പറിച്ചെടുത്ത് പെരുമ്പാവൂർ, കാലടി, ഓടക്കാലി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ എത്തിക്കും. അവിടെ നിന്നാണ് വടക്കേഇന്ത്യയിലേക്ക് ഇത് കയറ്റിപ്പോവുന്നത്. അവിടുത്തെ വൻകിട ഫാക്ടറികളിൽ ഇതിന് രൂപഭാവം വരും. ഫുഡ് സപ്ലിമെന്റിന്റെയും ഹെൽത്ത് ഡിങ്കിന്റെയും അവശ്യഘടകമായാണ് ഇടിച്ചക്ക രൂപമാറ്റം വരുന്നത്.
ഒരു പ്ലാവിലെ ചക്കക്ക് രണ്ടായിരം മുതൽ നാലായിരം രൂപ വരെ ലഭിക്കുന്നുണ്ടെന്ന് കടുത്തുരുത്തിയിലെ ഗ്രാമീണൻ വ്യക്തമാക്കി. എണ്ണം അനുസരിച്ചാണ് വില പറയുക. ഒരു ഇടിച്ചക്കക്ക് ശരാശരി വില 50 രൂപയാണ്. കടുത്തുരുത്തി, കുറവിലങ്ങാട്, വാകത്താനം, കുറിച്ചി, പുതുപ്പള്ളി, മണർകാട് മേഖലകളിലെ ഒട്ടുമിക്ക പുരയിടങ്ങളിലെയും ഇടിച്ചക്ക ഇതിനോടകം വില്പന നടത്തിക്കഴിഞ്ഞു.
ഈ സ്ഥിതി തുടർന്നാൽ ഈ വർഷം വേവിക്കാനും പഴുപ്പിക്കാനും ചക്ക ലഭിക്കാത്ത സ്ഥിതിയാണ് ഉണ്ടാവാൻ പോവുന്നത്. ഇതിനാൽതന്നെ ഇക്കുറി ചക്കക്കും വിലകൂടും. ഇത് സാധാരണക്കാരായ കർഷകർക്ക് ആശ്വാസമാവും.
ഇപ്പോൾ തന്നെ പഴുത്ത ചക്കചുളയും വേവിക്കാൻ പരുവത്തിലായ ചുളകളും വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ടിന്നുകളിലാക്കിയാണ് പഴുത്ത ചക്കചുളകൾ വിദേശത്തേക്ക് കയറ്റി അയക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്കും ഗൾഫ് നാടുകളിലേക്കുമാണ് ചക്ക പ്രധാനമായും കയറിപ്പോവുന്നത്. ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കും പച്ചചക്ക അതേപടി കയറ്റി അയക്കുന്നുണ്ട്.