കോട്ടയം: പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി ഒരു വർഷം മുൻപ് പൊളിച്ച പൂവൻതുരുത്ത് മേൽപ്പാലം നാട്ടുകാരുടെ വഴിയും വെള്ളവും ഇല്ലാതാക്കി. കഴിഞ്ഞ ഒരു വർഷത്തോളമായി കടുവാക്കുളം പാക്കിൽ റോഡിൽ ഗതാഗതം നിലച്ചിരിക്കുകയാണ്. ഇതിനിടെയാണ് പാലത്തിന്റെ അറ്റകുറ്റപണികൾക്കിടെ പ്രദേശത്തെ വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയത്. ഇതോടെ ആറു മാസമായി പ്രദേശത്തേയ്ക്കുള്ള വെള്ളവും നിലച്ചു. കഴിഞ്ഞ ജനുവരിയിലാണ് പാലം പൊളിച്ചത്.
കായംകുളം - എറണാകുളം റെയിൽവേ പാതയിൽ ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഭാഗത്തെ ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായിട്ടായിരുന്നു ഇത്. രണ്ടു മാസത്തോളം എടുത്ത് പാലം പൊളിച്ചു തീർന്നപ്പോഴേയ്‌ക്കും ലോക് ഡൗണായി. ഇതിന് ശേഷം നിർമ്മാണ ജോലികൾ ആരംഭിച്ചെങ്കിലും ഒച്ചിഴയുന്ന വേഗമാണ്. ഇതിനിടെയാണ് വെള്ളം എത്തിക്കുന്നതിനുള്ള പ്രധാന പൈപ്പ് ലൈൻ കുഴിയെടുക്കുന്നതിനിടെ പൊട്ടിയത്. പൈപ്പ് പൊട്ടി കൊല്ലാട്, പൂവൻതുരുത്ത്, പാക്കിൽ പ്രദേശങ്ങളിലെ നൂറിലേറെ വീടുകളിൽ ശുദ്ധജല വിതരണം മുടങ്ങി. നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിട്ടും ജല അതോറിറ്റിയോ റെയിൽവേയോ വിഷയത്തിൽ ഇടപെട്ടിട്ടില്ല.
ഇനിയെങ്കിലും വഴി തരുമോ
പൂവൻതുരുത്ത്, പാക്കിൽ , പ്രദേശങ്ങളിലേയ്ക്കുള്ള ആളുകൾ കോട്ടയം, കഞ്ഞിക്കുഴി, പുതുപ്പള്ളി ഭാഗത്തേയ്ക്കും പോകുന്നതിനും തിരികെ എത്തുന്നതിനും ആശ്രയിക്കുന്ന റോഡാണ് ഒരു വർഷമായി അടച്ചിരിക്കുന്നത്. ഇതോടെ ഇതുവഴിയുള്ള സ്വകാര്യ ബസ് സർവീസും നിലച്ചു. രണ്ടു പ്രദേശങ്ങളെ വേർതിരിച്ചാണ് ഈ പാത കടന്നു പോകുന്നത്. പൂവന്തുരുത്ത്, കടുവാക്കുളം പ്രദേശത്തുള്ളവർക്ക് പ്രധാന കവലയായ പാക്കിലേയ്ക്ക് എത്തണമെകിൽ റെയിൽവേപ്പാത മുറിച്ചുകടക്കണം. ഇത് അപകടങ്ങൾക്കിടയാക്കും.കാൽനടയാത്രക്കായെങ്കിലും താൽക്കാലിക പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതിഷേധം ശക്തമാക്കും
പാലം നിർമ്മാണം ഉടൻ പൂർത്തിയാക്കണം. ശുദ്ധജല വിതരണം പൂർണമായും പുനസ്ഥാപിക്കുന്നതിന് നടപടിയെടുക്കണം. നാട്ടുകാരുടെ ദുരിതം തീർക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
സിബി ജോൺ, കോൺഗ്രസ്
കൊല്ലാട് മണ്ഡലം കമ്മിറ്റി