kappan

കോട്ടയം : നഗരം ചുറ്റുന്ന ബൈക്ക് റാലി. ആയിരം പേർ പങ്കെടുക്കുന്ന ശക്തിപ്രകടനം. പാറിപ്പറക്കുന്ന പാർട്ടി പതാകകൾ. പുഷ്പ വൃഷ്ടിയും വെടിക്കെട്ടും. സിനിമാക്കാരൻ കൂടിയായ മാണി.സി.കാപ്പന്റെ രാഷ്ട്രീയത്തിലെ സെക്കൻഡ് എൻട്രി കളർഫുളാക്കാനാണ് അനുയായികളുടെ നീക്കം. പാർട്ടിയിലെ ഭൂരിഭാഗവും തങ്ങൾക്കൊപ്പമാണെന്ന് കാപ്പൻ അവകാശപ്പെടുമ്പോൾ കാപ്പൻ പോയാൽ പാർട്ടിക്കൊരു ചുക്കുമില്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം. ​ എൽ.ഡി.എഫ് വിട്ടുവരുന്ന മാണി സി.കാപ്പനെ ​ പ്രണയദിനമായ ഇന്ന് ഹൃദയത്തോട് ചേർക്കാനാണ് യു.ഡി.എഫ് പ്രവർത്തകരുടെ തീരുമാനം.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ പാലാ കുരിശുപള്ളിയ്ക്ക് സമീപത്തെ വേദിയിലേയ്ക്ക് ഇന്ന് രാവിലെ 9.30 ന് ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്ന് വർണാഭമായ ഘോഷയാത്രയോടെ മാസ് എൻട്രി നടത്താനാണ് കാപ്പന്റെ തീരുമാനം. ഇതിനായി പരമാവധി ആളുകളെ കൂടെക്കൂട്ടാനുള്ള ഓട്ടത്തിലായിരുന്നു ഇന്നലെ രാത്രി വരെയും പ്രവർത്തകർ. പാലാ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടികൾ കാപ്പന്റെ ശക്തി പ്രകടനംകൂടിയാക്കി മാറ്റുകയാണ് ലക്ഷ്യം. ഇന്നലെ രാവിലെ ഡൽഹിയിൽ നിന്ന് പാലായിലെ വസതിയിലെത്തിയ കാപ്പൻ രാത്രി വൈകിയും ഇന്നത്തെ സ്വീകരണ ചടങ്ങുകളുടെ തിരക്കിലായിരുന്നു. യുവാക്കൾ, വനിതകൾ എന്നിവരും റാലിയിൽ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് സാജു എം.ഫിലിപ്പ്, പാലാ ബ്ളോക്ക് കമ്മിറ്റിയുടെ വിവിധ ഭാരവാഹികൾ എന്നിവർക്കാണ് മേൽനോട്ട ചുമതല. ഇന്ന് നടക്കുന്ന ചടങ്ങിൽ പാർട്ടിലെ ഭൂരിഭാഗം സംസ്ഥാന നേതാക്കളും പങ്കെടുക്കുമെന്നാണ് കാപ്പന്റെ അവകാശ വാദം.

എടാ വാടാ വിളികളോടെ പ്രകടനം

കാപ്പൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാവിലെ എൻ.സി.പിയും ഉച്ചകഴിഞ്ഞ് എൽ.ഡി.എഫും നഗരത്തിൽ പ്രകടനം നടത്തി. കാപ്പനെ പേരെടുത്ത് പരാമർശിക്കുന്ന മുദ്രാവാക്യങ്ങളാണ് ഇരുപ്രകടനങ്ങളിലും മുഴങ്ങിയത്. കാപ്പനെ മൂരാച്ചിയെന്നും എടാ വിളികളും പ്രകടനത്തിൽ നിറഞ്ഞു.

കാപ്പനൊപ്പം ആരുമില്ലെന്ന്

മാണി സി.കാപ്പനൊപ്പം നാമമാത്രമായ ആളുകൾ മാത്രമാണുള്ളതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കാപ്പൻ സ്വന്തം താത്പര്യത്തിന് പാർട്ടിയെയും മുന്നണിയെയും വഞ്ചിച്ചു. ജില്ലയിലെ ഒമ്പത് ബ്ളോക്ക് കമ്മിറ്റികളിൽ എട്ടും പാർട്ടിയിൽ തുടരും. 13 ജനറൽ സെക്രട്ടറിമാരിൽ 12ഉം പാർട്ടിക്കൊപ്പമാണ്. കോട്ടയം ജില്ലാ പ്രസിഡന്റും ട്രഷററും മാത്രമാണ് കാപ്പനൊപ്പം പോയതെന്നും അദ്ദേഹം പറഞ്ഞു.

 ഒരുക്കം പൂർത്തിയായെന്ന്

മാണി സി.കാപ്പൻ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്ലാ പ്രസിഡന്റ് സാജു എം.ഫിലിപ്പും, ട്രഷറർ കൃഷ്ണൻ നായരും പറഞ്ഞു. മറ്റ് ജില്ലകളിൽ നിന്നും ആളുകളെത്തുമെന്നും ഇരുവരും പറ‌‌ഞ്ഞു.