
വൈക്കം : ഒരു വ്യാഴവട്ടക്കാലത്തിനിടയിൽ 111 പദ്ധതികൾക്ക് ശിലയിടാൻ നിയോഗം കിട്ടിയ അപൂർവ ഭാഗ്യത്തിനുടമയായി എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ്. വൈക്കം ടൗൺ 111-ാം നമ്പർ ശാഖ നിർമ്മിക്കുന്ന പ്രാർത്ഥനാലയത്തിനാണ് 111-ാമത് ശിലാസ്ഥാപനം നടത്തിയത്. വൈക്കം യൂണിയൻ പ്രസിഡന്റ് പദവിയിൽ 14 വർഷം പിന്നിടുന്നു. യൂണിയന്റെ കീഴിലുള്ള 54 ശാഖകളിൽ ചെറുതും വലുതുമായ പദ്ധതികൾക്കാണ് ശിലാസ്ഥാപനത്തിലൂടെ ബിനേഷിന്റെ കൈയടയാളം പതിഞ്ഞത്. കാലത്തിന്റെ മാറ്റത്തിനൊത്ത് ശാഖായോഗം ആവിഷ്‌ക്കരിക്കുന്ന പദ്ധതികളുടെ ശിലാസ്ഥാപന കർമ്മം നടത്താൻ ബിനേഷ് തന്നെ വേണമെന്ന നിർബന്ധമാണ് ഓരോ ശാഖകൾക്കും. ബിനേഷ് കല്ലിട്ടാൽ അത് അനാഥമാകില്ലെന്ന വിശ്വാസമാണ് ഇതിനു പിന്നിൽ. അതുകൊണ്ടുതന്നെ ബിനേഷ് കല്ലിട്ട പദ്ധതികളിൽ 95% വും ലക്ഷ്യത്തിനൊത്ത് പൂർത്തിയായി. ശേഷിച്ചവ നിർമ്മാണ ഘട്ടത്തിലുമാണ്. ശാഖകൾ ലക്ഷ്യമിടുന്ന പദ്ധതികൾ യഥാസമയം പൂർത്തിയാക്കാനുള്ള ഊർജ്ജവും കരുതലും ബിനേഷിനുണ്ട്. ശിലാസ്ഥാപനം കഴിഞ്ഞാൽ അതിന്റെ വളർച്ചയും ഉയർച്ചയും ബിനേഷിന്റെ അന്വേഷണഭാഗമാണ്. കാലത്തിന്റെ മാറ്റങ്ങൾക്കൊത്ത് വികസന പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ ശാഖായോഗങ്ങളെ പ്രാപ്തരാക്കുന്ന നിലപാടുകൾ ബിനേഷിന്റെ പ്രത്യേകതയാണ്. നടപ്പാക്കിയ പദ്ധതികളേറെയും ശാഖായോഗങ്ങളിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. കൊടിമരം, ചുറ്റമ്പലം, ശാഖാമന്ദിരങ്ങൾ, സ്വയംതൊഴിൽ പദ്ധതി കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾക്ക് ചുറ്റുമതിൽ, ബലിക്കൽപുര, വനിതാ സ്വയംസഹായ സംഘങ്ങൾ, നടപ്പന്തൽ തുടങ്ങിയ പദ്ധതികൾക്കാണ് ബിനേഷിന്റെ കൈയടയാളത്തിൽ ശിലകൾ ഇട്ടത്. ടൗൺ ശാഖയിൽ നടന്ന ശിലാസ്ഥാപന ചടങ്ങിൽ ശാഖാ പ്രസിഡന്റ് എൻ.കെ. രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ വിജയപ്പൻ, യോഗം അസി: സെക്രട്ടറി പി.പി സന്തോഷ്, വാർഡ് കൗൺസിലർ ആർ.സന്തോഷ്, അനിലാത്മജൻ,അനിൽ സച്ചിത്ത്, അനിൽകുമാർ, ലൈല ബാലകൃഷ്ണൻ,കെ.ചന്ദ്രൻ,അനിൽ പിഷാരത്ത്,ബിജു മൂശാറയിൽ,ഷീല ചന്ദ്രൻ,ബിജു ദയാന്ദൻ,യമുന,എസ്.ജയൻ എന്നിവർ പ്രസംഗിച്ചു.