പാലാ: ആറുപതിറ്റാണ്ടോളം പാലാ നഗരത്തിന്റെ സിരാകേന്ദ്രമായിരുന്ന ടൗൺ ബസ് സ്റ്റാന്റ് അടച്ചുപൂട്ടുന്നു. ഇതു സംബന്ധിച്ച നിർദേശങ്ങൾ ഇത്തവണത്തെ പാലാ നഗരസഭ ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇവിടെ ബസ് സ്റ്റാന്റിന് പകരമായി ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സ് കം മൾട്ടിലെവൽ പാർക്കിംഗ് പ്ലാസാ നിർമ്മിക്കാനാണ് നഗരസഭാ അധികൃതർ ലക്ഷ്യമിടുന്നത്. ഇതിനായി ബഡ്ജറ്റിൽ അഞ്ചുകോടി രൂപാ ചെലവും പ്രതീക്ഷിക്കുന്നു. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഈ വർഷം പത്തുലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.

പാലാ നഗരത്തിലെ പഴമയുടെ പ്രതീകമായിരുന്നു നഗരഹൃദയത്തിലുള്ള ബസ് സ്റ്റാന്റ്. പാലായിലെ നാലഞ്ചുതലമുറകൾ നഗരത്തിൽ വന്നുപോയിരുന്നത് ഈ ബസ് സ്റ്റാന്റിലൂടെയാണ്. നിരവധി വ്യാപാര സ്ഥാപനങ്ങളും ലക്ഷക്കണക്കിന് രൂപമുടക്കി നിർമ്മിച്ച വെയിറ്റിംഗ്‌ഷെഡുകളും ഇപ്പോൾ ഇവിടെയുണ്ട്.
ആറുപതിറ്റാണ്ട് മുമ്പ് കേവലം മുപ്പത് ബസുകൾ മാത്രം കയറിയിരുന്ന ബസ് സ്റ്റാന്റിൽ ഇപ്പോൾ പ്രതിദിനം നാനൂറോളം ബസുകളാണ് കയറിയിറങ്ങുന്നത്. ഇതിൽ കെ.എസ്.ആർ.ടി.സി ബസുകളും ഉൾപ്പെടും. മുമ്പും ടൗൺ ബസ് സ്റ്റാന്റ് അടച്ചുപൂട്ടാൻ നഗരസഭാ അധികാരികൾ നീക്കം നടത്തിയിരുന്നെങ്കിലും ഒരുവിഭാഗം വ്യാപാരികളുടെയും യാത്രക്കാരുടെയും കടുത്ത പ്രതിഷേധത്തെത്തുടർന്ന് തീരുമാനത്തിൽ നിന്ന് പിന്നാക്കം പോയിരുന്നു. നഗരത്തിൽ വാഹനപാർക്കിംഗിന് സ്ഥലമില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് ബസ് സ്റ്റാൻഡ് എന്നന്നേയ്ക്കുമായി പൂട്ടാൻ നഗരസഭാ അധികൃതർ നീക്കം നടത്തുന്നത്. രേഖകളിൽ ഇത് ബസ് സ്റ്റാന്റ് അല്ലെന്നും ബസുകൾ കയറിയിറങ്ങി പോകുകമാത്രം ചെയ്യുന്ന ബസ്‌ബേയാണെന്നും നഗരസഭാ അധികൃതർ ചൂണ്ടിക്കാട്ടുന്നു.

 പാർക്കിംഗ് സൗകര്യമില്ല

നഗരമധ്യത്തിൽ പാർക്കിംഗ് സൗകര്യം ഇപ്പോൾ ലഭ്യമല്ല. പാലാ ടൗൺ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് വാഹന പാർക്കിംഗ്. റോഡിൽ വാഹനങ്ങൾ ഇപ്പോൾ പാർക്ക് ചെയ്യുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. ഇതിനു പരിഹാരമായാണ് ടൗൺ ബസ് സ്റ്റാന്റ് നിൽക്കുന്ന സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് കം മൾട്ടിലെവൽ പാർക്കിംഗ് പ്ലാസാ നിർമ്മിക്കാൻ ലക്ഷ്യമിടുന്നതെന്നാണ് നഗരഭരണ നേതൃത്വത്തിന്റെ വിശദീകരണം.