mani-c-kappan

കോട്ടയം: എൻ.സി.പി ദേശീയ നേതൃത്വത്തിന്റെ നിലപാട് തള്ളി ഇടതുമുന്നണി വിട്ട് മാണി സി. കാപ്പൻ ഒറ്റയ്ക്ക് ഇന്ന് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ കൈകോർക്കുമ്പോൾ, അതൊരു തട്ടുപൊളിപ്പൻ കാപ്പൻ ചിത്രം പോലെയായി.

അര നൂറ്റാണ്ടിനു ശേഷം അട്ടിമറി ജയത്തിലൂടെ പിടിച്ചെടുത്ത പാലാ സീറ്റ് തനിക്ക് നിഷേധിച്ച് തോറ്റ പാർട്ടിക്ക് കൊടുത്ത് ഇടതു മുന്നണി വഞ്ചിച്ചുവെന്ന ആരോപണവുമായി സഹതാപ തരംഗത്തിനാണ് കാപ്പന്റെ ശ്രമം.അതേ സമയം, പാലായിലെ വോട്ടർമാരോട് രാഷ്ടീയ വഞ്ചന കാട്ടിയ കാപ്പൻ എം.എൽ..എ സ്ഥാനം രാജി വയ്ക്കാനാവശ്യപ്പെട്ട് ഇടതുമുന്നണി രംഗത്തെത്തി. രാവിലെ എൻ.സി.പി പാലാ ബ്ലോക്ക് കമ്മിറ്റിയും, വൈകിട്ട് ഇടതു മുന്നണിയും കാപ്പനെതിരെ പാലായിൽ പ്രകടനം നടത്തി. കാപ്പനൊപ്പമല്ലെന്ന് എൻ.സി.പി കോട്ടയം ജില്ലാ കമ്മിറ്റി നേതാക്കളും അറിയിച്ചു.

ആയിരം പ്രവർത്തകരെ കാപ്പൻ പാലായിൽ എവിടെ നിന്നു കൊണ്ടുവരുമെന്ന മന്ത്രി എ.കെ. ശശീന്ദ്രന്റെ പരിഹാസത്തിന്, എണ്ണാമെങ്കിൽ എണ്ണിക്കോ എന്ന മറുപടിയുമായി ബൈക്ക് റാലിയും കട്ടൗട്ടും മുഖം മൂടിയുമെല്ലാമായി പാലാക്കാരെ ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് കാപ്പൻ. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന കോൺഗ്രസ് നേതാക്കളുടെ നിർദ്ദേശം തള്ളി, കേരള എൻ.സി.പി രൂപീകരിച്ച് യു.ഡി.എഫ് ഘടക കക്ഷിയാക്കാനുള്ള നീക്കമാണ് കാപ്പൻ നടത്തുന്നതെന്ന് ഒപ്പമുള്ളവർ പറയുന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മന്ത്രി സ്ഥാനം ലഭിക്കണമെങ്കിൽ ഘടകക്ഷി നേതാവാകണമെന്ന ഉപദേശമാണ് ഇതിന് പിന്നിൽ. ഏഴ് ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണ തനിക്കുണ്ടെന്നും 17 സംസ്ഥാന ഭാരവാഹികളിൽ ഒമ്പതു പേരും ഇന്നത്തെ ജാഥയിൽ പങ്കെടുക്കുമെന്നും കാപ്പൻ അവകാശപ്പെടുന്നു.