
കോട്ടയം: എം.സി റോഡിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നിറുത്തിവച്ചു. റോഡരികിലെ കച്ചവടക്കാർക്ക് അടക്കം നോട്ടീസ് നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ജനുവരി അവസാനമാണ് ജില്ലാ വികസന സമിതി യോഗം ചേർന്ന് കൈയേറ്റം ഒഴിപ്പിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചത്. എന്നാൽ റോഡരികിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ലൈസൻസ് നൽകിയിട്ടുണ്ട്. എല്ലാം രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും ഇവർക്കുണ്ട്. കൈയേറ്റക്കാർക്ക് നോട്ടീസ് നൽകിയതിന് പിന്നാലെ തന്നെ രാഷ്ട്രീയ നേതൃത്വം ഇടപെടുകയും നടപടി റദ്ദ് ചെയ്യാൻ നിർദേശിക്കുകയുമായിരുന്നു.
വമ്പനാണോ, ഫ്ലക്സിലും തൊടില്ല
ഹൈക്കോടതി നിർദേശത്തെ തുടർന്ന് റോഡരികിൽ അപകടകരമായി നിന്നിരുന്ന ഫ്ളക്സുകൾ നീക്കം ചെയ്യാനുള്ള നടപടിയും എങ്ങും എത്തിയില്ല. വഴിയരികിൽ ഓറഞ്ചും , ബിരിയാണിയും വിറ്റിരുന്നവർക്ക് നോട്ടീസ് നൽകിയ ഉദ്യോഗസ്ഥ സംഘത്തിന് അപകടകരകമായ രീതിയിൽ സ്ഥാപിച്ചിരിക്കുന്ന ഓക്സിജന്റെ ഫ്ലക്സ് കണ്ടപ്പോൾ കൈവിറച്ചു. നാഗമ്പടം ചെമ്പരത്തിമൂട് വളവിലാണ് ഫ്കക്സ് സ്ഥാപിച്ചിരിക്കുന്നത്. ഇത് യാത്രക്കാരുടെ ശ്രദ്ധ തിരിക്കുമെന്ന് മോട്ടോർവാഹന വകുപ്പ് റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുത്തില്ല.