
പാലാ : നിയോജകമണ്ഡലത്തിലെ ഇടതുമുന്നണി പ്രവർത്തകരെ വഞ്ചിച്ച് യു.ഡി.എഫിലേക്ക് പോയ മാണി സി. കാപ്പൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് പാലായിൽ ഇടതുമുന്നണി പ്രതിഷേധ പ്രകടനം നടത്തി. കൊട്ടാരമറ്റം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പ്രകടനം ളാലം പാലം ജംഗ്ഷനിൽ എത്തിയശേഷം പ്രതിഷേധയോഗവും നടന്നു.
രാഷ്ട്രീയ ധാർമ്മികതയുണ്ടെങ്കിൽ മാണി സി കാപ്പൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ പറഞ്ഞു. എൽ.ഡി.എഫിലെ മന്ത്രിമാരും, എം.എൽ.എമാരും ഉൾപ്പെടെ അഹോരാത്രം അദ്ധ്വാനിച്ചതിന്റെ ഫലമാണ് കാപ്പൻ പാലായിൽ വിജയിച്ചത്. വ്യക്തിപരമായ നേട്ടത്തിനായി ദേശീയ നേതൃത്വത്തെപ്പോലും വെല്ലുവിളിച്ച് യു. ഡി.എഫിലേക്ക് ചേക്കേറുന്ന കാപ്പൻ പോയാൽ എൻ.സി.പിയ്‌ക്കോ എൽ.ഡി.എഫിനോ ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.സി.പി പാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതഷേധ പ്രകടനം ളാലം പാലം ജംഗ്ഷനിലെത്തിയ ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റിയംഗം ബെന്നി മൈലാടൂർ അദ്ധ്യക്ഷത വഹിച്ചു.