പാലാ: അധികാരികളുടെ കെടുകാര്യസ്ഥത പാലാ ജനറൽ ആശുപത്രിയിലെ ഡോ. തസ്തികകളും ഡയാലിസിസ് ഉപകരണങ്ങളും ''കടത്തി''. ആരും ചോദിക്കാനും പറയാനും ഇല്ല. ഉത്തരവാദിത്വപ്പെട്ടവർ അറിഞ്ഞിട്ടുമില്ല. ജനറൽ ആശുപത്രിയിലെ വിവിധ ചികിത്സാവിഭാഗങ്ങളും ഡോക്ടർമാരുടെ നിരവധി തസ്തികകളുമാണ് ഇവിടെനിന്നും മറ്റിടങ്ങളിലേക്ക് മാറ്റിയത്.
പൊതുപ്രവർത്തകനായ ജയ്‌സൺ മാന്തോട്ടം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കോട്ടയം ജില്ലാ ആരോഗ്യവിഭാഗം മെഡിക്കൽ ഓഫീസർ രേഖാമൂലം നൽകിയ മറുപടിയിലാണ് അവഗണനയുടെ ചിത്രം തെളിയുന്നത്. പാലാ ജനറൽ ആശുപത്രിയിലെ സൈക്യാട്രി, സ്‌കിൻ ചികിത്സാ വിഭാഗങ്ങൾ ഇവിടെ നിന്നും മാറ്റി. ഡെപ്യൂട്ടി സൂപ്രണ്ട് തസ്തിക തിരുവനന്തപുരം ഹെൽത്ത് ഡയറക്ടറുടെ ഓഫീസിലേക്കും ആർ.എം.ഒയെ കോട്ടയം ഡി.എം.ഒ ഓഫീസിലേക്കും മാറ്റി.വൃക്കരോഗികൾക്ക് വളരെ കുറഞ്ഞ നിരക്കിൽ ഡയാലിസിസിന് സൗകര്യം ഒരുക്കാൻ ലക്ഷ്യമിട്ട് പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ച പത്ത് ഡയാലിസിസ് ഉപകരണങ്ങളും മാറ്റിയതായി ഡി.എം.ഒയുടെ മറുപടിയിൽ പറയുന്നു. ഡയാലിസിസ് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായുള്ള ആർ.ഒ. പ്ലാന്റ് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ ലഭ്യമാക്കാത്തതിനാൽ ഡയാലിസിസ് ഉപകരണം നൽകിയ കമ്പനി തന്നെ ഇത് തിരികെ കൊണ്ടുപോകുകയായിരുന്നു. ഉപകരണങ്ങൾ ജനറൽ ആശുപത്രിയിൽ ഒരുവർഷമായി പൊടിപിടിച്ചു കിടന്നിരുന്ന വാർത്ത കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കെ.എം മാണി അദ്ദേഹത്തിന്റെ എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച പത്തുകോടിയോളം രൂപാ വിനിയോഗിച്ച് നിർമ്മിച്ച ആധുനിക രോഗനിർണ്ണയകേന്ദ്രത്തിലാണ് ഡയാലിസിസ് സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നത്. രോഗനിർണ്ണയ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി അഞ്ചുകോടി രൂപ മുടക്കി അഞ്ചുവർഷം മുമ്പ് നിർമ്മിച്ച ബഹുനില മന്ദിരം ഇപ്പോൾ മാറാല പിടിച്ചുകിടക്കുകയാണ്. ഈ മന്ദിരത്തിന് പ്രത്യേകമായി വൈദ്യുതി ട്രാൻസ്‌ഫോമറും ജനറേറ്ററും ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ സബ് സ്റ്റേഷനും സ്ഥാപിച്ചിരുന്നു. വൻതുകയാണ് ഇപ്പോൾ വൈദ്യുതി ചാർജ്ജായി നൽകുന്നത്.
പാലാ ജനറൽ ആശുപത്രിയിൽ അനുവദിച്ചിരുന്ന ഫോറൻസിക് വിഭാഗവും തസ്തിക മാറ്റം വരുത്തിയതായി ഡി.എം.ഒയുടെ മറുപടിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം യൂണിറ്റിനായി എട്ട് ഫ്രീസറുകളും അനുബന്ധ സൗകര്യങ്ങളും ഓഫീസോടുകൂടിയ കെട്ടിടവും വർഷങ്ങൾക്ക് മുമ്പെ ഇവിടെ സ്ഥാപിച്ചിരുന്നെങ്കിലും പോസ്റ്റുമോർട്ടത്തിനായി ഇപ്പോഴും മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ജനറൽ ആശുപത്രി മാനേജിംഗ് കമ്മറ്റിയുടെ പുനസംഘടനയും നീളുകയാണ്.
പോരായ്മകൾ പരിഹരിക്കും
പാലാ ജനറൽ ആശുപത്രിയുടെ പോരായ്മകൾ ഉടൻ പരിഹരിക്കുമെന്ന് പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസും ആരോഗ്യവിഭാഗം സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു. 40 കോടിയുടെ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ലഭ്യമായ ഇവിടെ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി ആശുപത്രി ഹൈടെക്കാക്കി മാറ്റാനുള്ള എല്ലാവിധ നടപടികളും സ്വീകരിക്കും. ആശുപത്രി മാനേജിംഗ് കമ്മറ്റി ഉടൻ പുനസംഘടിപ്പിക്കുമെന്നും ഇരുവരും പറഞ്ഞു.