
പാലാ : ജയിച്ച സീറ്റ് തോറ്റ പാർട്ടിക്ക് നൽകുന്നതിലൂടെ ഇടതുമുന്നണി തന്നോട് കാട്ടിയത് നീതികേടാണെന്നും ,എൻ.സി.പി ദേശീയ നേതൃത്വത്തിന്റെ തീരുമാനമെന്തായാലും താൻ ഇടതുമുന്നണി വിടുകയാണെന്നും എൻ.സി.പി നേതാവ് മാണി സി.കാപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാർട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനമേ,സംസ്ഥാന പ്രസിഡന്റ് പീതാംബരൻ മാസ്റ്റർക്ക് അനുസരിക്കാനാവൂ. പാലയിൽ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ യോഗത്തിൽ പങ്കെടുത്ത് യു.ഡി.എഫിന്റെ ഭാഗമാകും. ഇക്കാര്യം ശരത് പവാറിനെയും പ്രഫുൽപട്ടേലിനെയും അറിയിച്ചു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കില്ല. പുതിയ പാർട്ടിയായി ഘടകകക്ഷിയായാലും പാലാ കൂടാതെ മൂന്ന് സീറ്റുകൾ ലഭിക്കും. കുട്ടനാട്ടിൽ മത്സരിക്കാൻ ഇടത് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും,അതിന് മാനസിക ബുദ്ധിമുട്ടുണ്ട്. തോമസ് ചാണ്ടി പാലാ ഉപതിരഞ്ഞെടുപ്പിൽ സാമ്പത്തിക സഹായമടക്കം ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമടക്കം അദ്ദേഹത്തിന്റെ അനുജനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാർട്ടി അഖിലേന്ത്യ പ്രസിഡന്റിനും കത്ത് കൊടുത്തതാണ്. അനുജന് സ്ഥാനാർത്ഥിത്വം നൽകാമെന്ന് പറഞ്ഞ ശേഷമാണ് തന്നോട് സ്ഥാനാർത്ഥിയാകാമോയെന്ന് ചോദിക്കുന്നത്.
ഏഴ് ജില്ലാ പ്രസിഡന്റുമാരും ഭൂരിഭാഗം പ്രവർത്തകരും തനിക്കൊപ്പമുണ്ട്. എം.എൽ.എ സ്ഥാനം തത്കാലം രാജിവയ്ക്കില്ല. ജോസ് കെ മാണി മുന്നണി മാറിയപ്പോൾ ,എം.പി സ്ഥാനം നാല് മാസം കഴിഞ്ഞാണ് രാജി വച്ചത്. തനിക്ക് മൂന്ന് മാസം വരെയെങ്കിലും സമയമെടുക്കാം. പി.സി.ജോർജിന്റെ സഹായം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചു. ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹം യു.ഡി.എഫ് സ്വതന്ത്രനായി പൂഞ്ഞാറിൽ മത്സരിക്കും.. ജോസ് കെ.മാണിക്ക് മൂന്നരക്കൊല്ലത്തെ രാജ്യസഭാ കാലാവധി കൂടി പൂർത്തിയാക്കിയാൽ പാലായിൽ നിന്ന് മാറിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നതാണ്. രാജ്യസഭാ എം.പി സ്ഥാനവുമായി ബന്ധപ്പെട്ട ഓഫറുകൾ ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനോട് സ്നേഹവും ബഹുമാനവുമുണ്ടെന്നും കാപ്പൻ പറഞ്ഞു.
 കാപ്പന്റേത് അനീതി: മന്ത്രി ശശീന്ദ്രൻ
യു.ഡി.എഫിലേക്ക് പോകുകയാണെന്ന മാണി സി. കാപ്പന്റെ പ്രഖ്യാപനം അദ്ദേഹത്തെ എം.എൽ.എയാക്കിയ ജനങ്ങളോടുള്ള അനീതിയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. എൻ.സി.പിക്ക് എൽ.ഡി.എഫ് വിടേണ്ട രാഷ്ട്രീയ സാഹചര്യമില്ല. ദേശീയ നേതൃത്വം അന്തിമ തീരുമാനത്തിലെത്തും മുമ്പ് അദ്ദേഹം ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത് അനുചിതമാണ്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചായിരുന്നു കാപ്പന്റെ പ്രഖ്യാപനം.
തനിക്കൊപ്പം ആളുകളുണ്ടെന്ന അവകാശവാദം കാണാൻ പോകുന്ന പൂരമാണല്ലോ. ഇക്കാര്യം ജില്ലാ പ്രസിഡന്റുമാരോട് അന്വേഷിച്ചാൽ അറിയാം. തന്നോട് സംസാരിക്കാതെ ദേശീയ നേതൃത്വം രാഷ്ട്രീയ തീരുമാനമെടുക്കില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. പാലാ സീറ്റിൽ എൽ.ഡി.എഫിന്റെ അന്തിമ തീരുമാനം അറിയാൻ കാപ്പന് ക്ഷമ വേണമായിരുന്നു.
 കാപ്പൻ വെറും വ്യക്തി, മുഖ്യം പാർട്ടികൾ:വിജയരാഘവൻ
മാണി സി. കാപ്പൻ വ്യക്തി മാത്രമാണെന്നും ഘടകകക്ഷികളായ പാർട്ടികൾക്കാണ് മുന്നണിയിൽ പ്രാധാന്യമെന്നും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മുസ്ലിം ലീഗിനെക്കുറിച്ചുള്ള ചോദ്യത്തോട് മിത ഭാഷയിലാണ് പ്രതികരിച്ചത്. ലീഗിനെതിരെയുള്ള വിമർശനം പ്രശ്നാധിഷ്ഠിതമാണ്.  ലീഗ് മതത്തെ രാഷ്ട്രീയ ലാഭത്തിനും കൊള്ള ലാഭത്തിനും വേണ്ടി ഉപയോഗിക്കുന്നതിനെയാണ് വിമർശിച്ചതെന്നായിരുന്നുമായിരുന്നു മറുപടി.
വിദ്വേഷ പ്രചാരണയാത്രയാണ് രമേശ് ചെന്നിത്തല നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ എൽ.ഡി.എഫ് നടത്തുന്ന വികസനമുന്നേറ്റ ജാഥ സർക്കാരിന്റെ നന്മകൾ വിനിമയം ചെയ്യുന്നതിനൊപ്പം കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ-വർഗീയ നിലപാടുകൾ ചൂണ്ടിക്കാട്ടുകയും ചെയ്യും. വികസന മുന്നേറ്റ യാത്ര തുടർഭരണത്തിന് കളമൊരുക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
 കാപ്പന്റേത് രാഷ്ട്രീയ മര്യാദയല്ല: കാനം
മാണി സി. കാപ്പൻ കാണിച്ചത് രാഷ്ട്രീയ മര്യാദയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മുന്നണി മാറുമ്പോൾ എൽ.ഡി.എഫിൽ നിന്ന് ലഭിച്ച സ്ഥാനങ്ങൾ കാപ്പൻ രാജിവയ്ക്കണമായിരുന്നു. എൽ.ഡി.എഫിൽ സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചിട്ട് പോലുമില്ല. അതിനു മുമ്പ് പാലാ സീറ്റില്ലെന്ന് പറഞ്ഞ് മുന്നണി വിടുന്നത് രാഷ്ട്രീയ മര്യാദയല്ല.
കാപ്പനോട് എൽ.ഡി.എഫ് നീതികേടു കാട്ടിയോയെന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ എന്ത് നീതികേടാണെന്ന് അദ്ദേഹം വ്യക്തമാക്കട്ടെയെന്നായിരുന്നു മറുപടി. മുഖ്യമന്ത്രി അദ്ദേഹത്തിന് പാലാ സീറ്റ് നൽകില്ലെന്ന് പ്രഫുൽ പട്ടേലിനോട് പറഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയപ്പോൾ അത് വ്യക്തിപരമായ സംഭാഷണമാണെന്നും വിശദാംശങ്ങൾ തങ്ങൾക്ക് അറിയില്ലെന്നും കാനം പ്രതികരിച്ചു.