hospital


ഉദ്ഘാടനം 16ന്
ജീവനക്കാരെ നിയമിച്ചിട്ടില്ല
നിർമാണ പ്രവർത്തനങ്ങളും ബാക്കി

കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിക്കാൻ രണ്ടുമാസം കൂടി വേണ്ടിവരുമെന്ന് സൂചന. ഒരേസമയം 10 വൃക്കരോഗികൾക്ക് ഡയാലിസിസ് നടത്താൻ കഴിയുന്ന യൂണിറ്റിന്റെ പ്രവർത്തനം വൈകിപ്പിക്കുന്നത് നിർമാണം പൂർത്തിയാക്കുന്നതിലെ കാലതാമസമാണ്. യൂണിറ്റിന്റെ ഉദ്ഘാടനം 16ന് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ മെഷീൻ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കുകയോ ഡോക്ടർമാർ അടക്കമുള്ളവരെ നിയമിക്കുകയോ ചെയ്തിട്ടില്ല.


ലോക്ക് ഡൗൺ: നിർമ്മാണം വൈകി

2019ലാണ് പി.ഡബ്ല്യു.ഡി. യൂണിറ്റിന്റെ നിർമാണം ആരംഭിച്ചത്. കെട്ടിടം നിർമിക്കാൻ പൊതുമരാമത്ത് വകുപ്പിന് 2.10 കോടിയും ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ വാങ്ങാനായി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് 1.30 കോടി രൂപയും നൽകിയിരുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് നിർമാണ ജോലികൾ വൈകി. നിയന്ത്രണങ്ങളിൽ ഇളവ് വന്നശേഷം നിർമാണം ആരംഭിച്ചെങ്കിലും മഴക്കാലത്ത് വീണ്ടും ജോലികൾ നിർത്തിവച്ചു.


നിലവിൽ സെപ്ടിക് ടാങ്കിന്റെയും ഡ്രൈനേജിന്റെയും നിർമാണം പുരോഗമിക്കുകയാണ്. ടാങ്ക് നിർമാണത്തിനായി മണ്ണെടുത്തതുമായി ബന്ധപ്പെട്ട് സമീപവാസികളുമായും ചില തർക്കങ്ങൾ നിലവിലുണ്ട്. യൂണിറ്റിന്റെ ഭാഗമായി 40 കിടക്കകൾ വരെ ക്രമീകരിക്കാവുന്ന വാർഡ് ഉണ്ടെങ്കിലും അവിടേയ്ക്ക് രോഗികളെ കൊണ്ടുപോകാനുള്ള റാമ്പ് നിർമിച്ചിട്ടില്ല. കൂടാതെ യൂണിറ്റിലേക്കുള്ള റോഡിന്റെ നിർമാണവും പൂർത്തിയാക്കിയിട്ടില്ല.
പ്രത്യേക പരിചരണം ആവശ്യമുള്ള രോഗിയുൾപ്പെടെ 10 പേർക്ക് ഒരേസമയം ഡയാലിസിസ് നടത്താൻ കഴിയുന്ന യൂണിറ്റാണ് താലൂക്ക് ആശുപത്രിയിലേത്. ഇതിലേക്കുള്ള മെഷീനുകൾ എത്തിയിട്ടുണ്ട്. എന്നാൽ രോഗികൾക്കുള്ള കിടക്കകൾ എത്തിയിട്ടില്ല. കൂടാതെ ആർ.ഒ. പ്ലാന്റിന്റെ നിർമാണവും പൂർത്തിയാകേണ്ടതുണ്ട്. മുഴുവൻ ജോലികളും പൂർത്തീകരിച്ചശേഷം വെള്ളം ഉൾപ്പെടെയുള്ളവ വിദഗ്ധന പരിശോധനയ്ക്ക് വിധേയമാക്കി പ്രവർത്തനാനുമതി ലഭിക്കണം. കാരുണ്യ പദ്ധതിയിൽ അംഗങ്ങളായുള്ളവർക്ക് ഇവിടെ സൗജന്യമായി ചികിത്സ ലഭിക്കും. മറ്റുള്ളവർക്ക് സ്വകാര്യ ആശുപത്രികളെക്കാൾ കുറഞ്ഞ നിരക്കിലും ചികിത്സ ലഭ്യമാക്കും. അതേസമയം ചികിത്സ കട്ടപ്പന നഗരസഭയുടെ പദ്ധതിയിൽ പെടുത്തിയാൽ നഗരസഭാ പരിധിയിലുള്ളവർക്കും സൗജന്യമായി നൽകാനാകും.
ആശുപത്രിയിൽ വേനൽക്കാലത്ത് ശുദ്ധജല ക്ഷാമം നേരിടാറുണ്ട്. ഡയാലിസിസ് യൂണിറ്റിന് കൂടുതൽ വെള്ളം ആവശ്യമായതിനാൽ മറ്റൊരു ജലസ്രോതസുകൂടി കണ്ടെത്തണം. പ്രതിദിനം 50,000ൽപ്പരം ലിറ്റർ വെള്ളം ആവശ്യമായിവരും. കുഴൽക്കിണർ നിർമിക്കാൻ നഗരസഭ ഫണ്ട് ലഭ്യമാക്കുമെന്നാണ് വിവരം.
ഡയാലിസിസ് മെഷീൻ ഉൾപെടെയുള്ളവ വാങ്ങിയെങ്കിലും ഡോക്ടർ, ടെക്‌നീഷ്യൻ, നഴ്‌സ്, ശുചീകരണ തൊഴിലാളി തുടങ്ങിയവരുടെ നിയമനം നടത്തിയെങ്കിൽ മാത്രമേ യൂണിറ്റ് പ്രവർത്തിപ്പിക്കാനാകൂ.