കട്ടപ്പന: യു.ഡി.എഫ്. അധികാരത്തിലെത്തുമ്പോൾ കുരുമുളകിന് 500 രൂപയും റബറിന് 250 രൂപയും തറവില നിശ്ചയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയ്ക്ക് കട്ടപ്പനയിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ 1964ലെ ഭൂമിപതിവ് ചട്ടവും ഭേദഗതി ചെയ്യും. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്ന് സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാഴായിരിക്കുകയാണ്. വിളനാശം നേരിട്ട കർഷകർക്കൊന്നും യാതൊരു സഹായവും ലഭിച്ചില്ല. നാണ്യവിളകളുടെ വിലത്തകർച്ച പരിഹരിക്കാൻ സർക്കാർ യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ല. ഇടുക്കി, കുട്ടനാട് പാക്കേജുകളെല്ലാം പ്രഖ്യാപനം മാത്രമായി. യു.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന ഇടുക്കി മെഡിക്കൽ കോളജ് എൽ.ഡി.എഫ്. സർക്കാർ ഇല്ലാതാക്കിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
എ.ഐ.സി.സി. അംഗം അഡ്വ. ഇ.എം. ആഗസ്തി അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്(ജോസഫ്) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എം.പി, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ രണ്ടത്താണി, ആർ.എസ്.പി. കേന്ദ്ര കമ്മിറ്റിയംഗം ഷിബു ബേബി ജോൺ, ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ തുടങ്ങിയവർ പ്രസംഗിച്ചു.