കോട്ടയം : സിവിൽ ക്രിമിനൽക്കേസുകൾ ഒരു പോലെ കൈകാര്യം ചെയ്‌ത് പ്രാഗത്ഭ്യം തെളിയിച്ച അഭിഭാഷകനായിരുന്നു അഡ്വ.പി.കെ ചിത്രഭാനു. രാഷ്ട്രീയവും നിയമവും ഒരു പോലെ പഠിച്ച മനുഷ്യസ്‌നേഹിയെയാണ് കോട്ടയത്തിന് നഷ്ടമായത്. റിപ്പർചാക്കോ പ്രതിയായ കേസുകളിൽ ഒരു കേസിൽ പ്രതിഭാഗം വക്കീലായിരുന്നു ചിത്രഭാനു. പിന്നീട് ഹൈക്കോടതി ജസ്റ്റിസായിരുന്ന എം.ആർ.ഹരിഹരൻ നായരായിരുന്നു അന്ന് കോട്ടയം പ്രിൻസിപ്പൽ കോടതി ജഡ്ജി. ഇടുക്കി ജില്ലയിലെ ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽ റിപ്പറിനായി ഹാജരാകാൻ കോടതിയാണ് ചിത്രഭാനുവിനെ ഏർപ്പെടുത്തിയത്. അതടക്കം അന്ന് ഏഴ് കേസുകളാണ് റിപ്പറിന്റെ പേരിൽ കോട്ടയം പ്രിൻസിപ്പൽ കോടതിയിൽ ഉണ്ടായിരുന്നത്. ചിത്രഭാനു ഹാജരായ കേസിൽ മാത്രമാണ് സംശയത്തിന്റെ ആനുകൂല്യം നൽകി ചാക്കോയെ വെറുതെ വിട്ടത്.

സിനിമക്കേസുകളിലും ഇദ്ദേഹം പല തവണ കോടതിയിൽ ഹാജരായിട്ടുണ്ട്. മീനമാസത്തിലെ സൂര്യൻ അടക്കമുള്ള സിനിമയുടെ നിർമ്മാതാവ് എന്ന നിലയിൽ അദ്ദേഹത്തിന് സിനിമ മേഖലയിലുണ്ടായിരുന്ന ബന്ധങ്ങളാണ് ഇതിന് കാരണമായത്. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ഹിറ്റ് മലയാള ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ അതിന്റെ കഥ തന്റേതാണെന്നും കഥ മോഷ്ടിച്ചതാണെന്നും അവകാശപ്പെട്ട് നരിയാപുരം ശശി സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിനെതിരെ കേസ് നൽകിയിരുന്നു. ഇതിൽ ലോഹിതദാസിന് വേണ്ടി കോടതിയിൽ ഹാജരായതും ചിത്രഭാനുവാണ്. വിധിയും ലോഹിതദാസിന് അനുകൂലമായി.

അക്ഷരനഗരിയുടെ നിറസാന്നിദ്ധ്യം
അഡ്വ. പി.കെ ചിത്രഭാനു എല്ലാ അർത്ഥത്തിലും മനുഷ്യസ്‌നേഹിയായ കമ്മ്യൂണിസ്റ്റ് ആയിരുന്നു. മറവൻതുരത്ത് പാലാക്കടവിൽ യഥാസ്ഥിതിക കുടുബത്തിൽ ജനിച്ച ചിത്രഭാനു വിദ്യാഭ്യാസ കാലഘട്ടം മുതൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി. എറന്നാകുളം സെന്റ് ആൽബർട്ട് കോളജിലെ സ്റ്റുഡന്റ് ഓർഗനൈസേഷൻ സ്ഥാപക പ്രസിഡന്റായിരുന്നു. നിയമ ബിരുദം പൂർത്തിയാക്കി അഭിഭാഷക വൃത്തി ആരംഭിച്ചതിനൊപ്പം എ.ഐ.വൈ.എഫിലൂടെ രാഷ്ട്രീയ പ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചു. പത്തുവർഷത്തോളം സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറിയായും ദീർഘകാലം സംസ്ഥാന കൗൺസിൽ അംഗമായും പ്രവർത്തിച്ചു. പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ ആയിരുന്നപ്പോൾ കേരളത്തിൽ ആദ്യമായി പ്ലാൻറ്റേഷൻ ടൂറിസം പദ്ധതി ആതിരപ്പള്ളിയിൽ നടപ്പിലാക്കി. റബറും കശുമാങ്ങയും മാത്രം കൃഷി ചെയ്തിരുന്ന കോർപ്പറേഷൻ വാനില കൃഷി അടക്കം മറ്റു കൃഷികളിലേക്ക് തിരിഞ്ഞത് ചിത്രഭാനു ചെയമാനായ കാലത്തായിരുന്നു. നഷ്ടങ്ങളുടെ കഥ മാത്രം പറഞ്ഞിരുന്ന കോർപ്പറേഷനെ ലാഭത്തിലുമെത്തിച്ചു.