
പാല: തന്റെ സർവകരുത്തും കാട്ടി കാപ്പൻ യു.ഡി.എഫിലെത്തി. അഞ്ഞൂറോളം പേർ പങ്കെടുത്ത നഗരം ചുറ്റിയ ബൈക്ക് റാലി. സ്ത്രീകളടക്കം പങ്കെടുത്ത ശക്തിപ്രകടനം. വാദ്യമേളങ്ങളുടെ അകമ്പടിയും പുഷ്പ വൃഷ്ടിയും. ഇന്നലെ കാപ്പൻ പാലായിൽ നിറഞ്ഞു നിന്നു.
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയേക്കാൾ ഇന്നലെ ചർച്ചയായത് കാപ്പന്റെ യു.ഡി.എഫ് പ്രവേശനമായിരുന്നു.
എൻ.സി.പി പാലാ ബ്ളോക്ക് കമ്മിറ്റിയാണ് കാപ്പന്റെ യു.ഡി.എഫ് പ്രവേശനത്തിനുള്ള ആഘോഷങ്ങളൊരുക്കിയിരുന്നതെങ്കിലും സംസ്ഥാനത്തെ മുഴുവൻ കാപ്പൻ അനുകൂലികളും പാലായിലുണ്ടായിരുന്നു. കാപ്പന്റെ ചിത്രമുള്ള ബലൂണും എൻ.സി.പിയുടെ ചിഹ്നമായ ക്ളോക്ക് പതിപ്പിച്ച തൊപ്പിയും ധരിച്ച് സ്ത്രീ പുരുഷ ഭേദമന്യേ പ്രവർത്തകർ അണി നിരുന്നു. രാവിലെ എം.എൽ.എ ഓഫീസിലുണ്ടായിരുന്ന കാപ്പനെ ജനറൽ ആശുപത്രിക്ക് മുന്നിലേയ്ക്ക് മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. തുടർന്ന് തുറന്ന വാഹനത്തിൽ കയറിയ കാപ്പൻ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാർത്ഥിയെ പോലെ എല്ലാവരേയും കൈവീശി അഭിവാദ്യം ചെയ്തു. നഗരം ചുറ്റി മടങ്ങിയെത്തിയതിന് ശേഷമാണ് കുരിശ് പള്ളിക്കവലയ്ക്ക് സമീപത്തെ സ്വീകരണ യോഗത്തിൽ പങ്കെടുത്തത്.
 കാപ്പന്റെ വരവ് തലയെടുപ്പുള്ള ആനയെപ്പോലെ
കാപ്പൻ വരുന്നത് തലയെടുപ്പുള്ള ആനയെ പോലെയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നല്ല വലിപ്പമുള്ള കാപ്പൻ, നല്ല ചന്തത്തോടെ, പതിനായിരക്കണക്കിന് ആളുകളെയും പാലായിലെ ജനങ്ങളെയും കൂട്ടി ഈ വേദിയിലേക്ക് വന്നിരിക്കുന്നു. ഇത് യു.ഡി.എഫിന്റെ വിജയം സൂചിപ്പിക്കുന്നതാണെന്നും കാപ്പനെ സ്വീകരിച്ച് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 കിറ്റ് കേന്ദ്രസർക്കാരിന്റേത്: പി.ജെ. ജോസഫ്
സൗജന്യ ഭക്ഷ്യക്കിറ്റിൽ കിറ്റിനുള്ള സഞ്ചിമാത്രമേ സംസ്ഥാന സർക്കാരിന്റേതുള്ളൂവെന്ന് പി.ജെ.ജോസഫ് പറഞ്ഞു. സാധനങ്ങളെല്ലാം കേന്ദ്രസർക്കാർ നൽകുന്നതാണ്. തേൻ കുടിച്ച് ചാണകം ഉരുട്ടുന്ന വണ്ടുകളെപ്പോലെയാണ് സർക്കാർ. കിറ്റിന്റെ മറപറ്റി അഴിമതി കാട്ടുകയാണെന്നും സ്വീകരണ യോഗത്തിൽ ജോസഫ് പറഞ്ഞു.