കോട്ടയം: മോട്ടോർ വാഹന വകുപ്പിന്റെ ജില്ലാ തല എൻഫോഴ്‌സ്‌മെന്റ് കൺട്രോൾ റൂം ഇന്ന് രാവിലെ പത്തിനു തെള്ളകം പൊന്മാങ്കൽ ടവറിൽ മന്ത്രി എ.കെ ശശീന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കെ.സുരേഷ്‌കുറുപ്പ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി വിശിഷ്ടാതിഥിയായി പങ്കെടുക്കും. സംസ്ഥാനത്ത് 14 ജില്ലകളിലും റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റൂമുകൾ ആരംഭിക്കുന്നത്. 236 കോടി രൂപ ചിലവരുന്ന പദ്ധതി മോട്ടോർ വാഹന വകുപ്പിന് വേണ്ടി കെൽട്രോണാണ് രൂപകൽപ്പന ചെയ്തു നടപ്പാക്കുന്നത്. നിലവിൽ കോഴിക്കോടും എറണാകുളത്തുമാണ് കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. മറ്റുള്ള ആറു ജില്ലകളിൽ മാർച്ച് ഒന്നിനകം കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിക്കും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി അമിതവേഗവും, ഗതാഗത - സിഗ്നൽ നിയമലംഘനങ്ങളും തടയുന്നതിനുള്ള പരിശോധനയും ഇനി കൺട്രോൾ റൂം കേന്ദ്രീകരിച്ചാണ് നടക്കുന്നത്.