
രണ്ട് മുന്നണികൾക്കും പ്രസ്റ്റീജ്
കോട്ടയം: ഇടതു, വലതു മുന്നണി സ്ഥാനാർത്ഥികളായി ജോസ് കെ. മാണിയും മാണി സി. കാപ്പനും ഏറ്റുമുട്ടുമെന്നുറപ്പായ പാലായിൽ അടുത്ത തിരഞ്ഞെടുപ്പിൽ നടക്കുക ഇരുവരുടെയും നിലനിൽപ്പിന്റെ പോരാട്ടം. പാലാ ചങ്കും ഹൃദയവുമാണെന്നു പറയുന്നവരുടെ ജീവന്മരണ ഏറ്റുമുട്ടൽ. രണ്ട് മുന്നണികൾക്കും പ്രസ്റ്റീജും.
കാപ്പനിലൂടെ അരനൂറ്റാണ്ടിനുശേഷം പിടിച്ചെടുത്ത പാലാ, ജോസിലൂടെ എൽ.ഡി.എഫിന് നില നിറുത്തിയേ പറ്റൂ. കാപ്പനിലൂടെ പാലാ നിലനിറുത്തിയാൽ അത് യു.ഡി.എഫിന്റെ രാഷ്ട്രീയ വിജയമാകും. എൻ.സി.പിയുടെയും കേരളകോൺഗ്രസ് - ജോസ് വിഭാഗത്തിന്റെയും രാഷ്ട്രീയ പരാജയവും. മാണിയുടെ പിൻഗാമിയായി ജോസിന് പകരം കാപ്പൻ വാഴ്ത്തപ്പെടും.
ഇന്നലെ പാലാ ഇളക്കിമറിച്ച് കാപ്പൻ കേരളയാത്രാ വേദിയിലെത്തിയത് തിരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനമാക്കി മാറ്റാൻ യു.ഡി.എഫിലെ സമുന്നത നേതാക്കൾ ഒന്നിച്ച യോഗത്തിനു കഴിഞ്ഞു. കെ.എം. മാണി അരനൂറ്റാണ്ടായി ജയിച്ച പാലാ അട്ടിമറിയിലൂടെ ഇടതു മുന്നണിയുടെ കൈകളിലെത്തിച്ചിട്ടും തന്നോടു തോറ്റവർക്ക് സീറ്റ് വിട്ടു കൊടുക്കേണ്ടിവന്ന രാഷ്ട്രീയ അധാർമ്മികത ഉയർത്തി സഹതാപതരംഗത്തിനുള്ള ശ്രമമാണ് കാപ്പൻ നടത്തിയത്. ഇത് തടയാൻ കാപ്പൻ കാലുമാറി വഞ്ചിച്ചെന്നാരോപിച്ചാൽ, തിരിച്ചത് ജോസിന് മേലും പതിക്കും.
തന്റെ പിതാവ് ചെറിയാൻ ജെ. കാപ്പനാണ് കെ.എം. മാണിയെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നു പാലായിൽ സ്ഥാനാർത്ഥിയാക്കിയതെന്ന് കാപ്പൻ ഇന്നലെ വെളിപ്പെടുത്തി. പാലാ കേരളകോൺഗ്രസിന്റെ വത്തിക്കാനാണെന്നു പറയുന്നവർ പോപ്പ് ചമയരുതെന്ന് വിമർശിച്ച കാപ്പൻ, ജൂനിയർ മാൻഡ്രേക്കെന്ന് ജോസിനെ പരിഹസിക്കാനും മറന്നില്ല.