കോട്ടയം: ഹരിയാനാ ടൂറിസം വകുപ്പ് മന്ത്രി കൻവാർ പാൽ കുമരകം സന്ദർശിച്ചു. കേരളത്തിന്റെ വിനോദസഞ്ചാര പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാനാണ് മന്ത്രിയും സംഘവുമെത്തിയത്. മന്ത്രിയെ ടൂറിസം വകുപ്പിന് വേണ്ടി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ്കുമാർ സ്വീകരിച്ചു. കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ ഹരിയാനാമന്ത്രി തുടർന്ന് ഹൗസ് ബോട്ടിൽ കായൽ യാത്രയും നടത്തി. കേരളത്തിലെ ടൂറിസം പദ്ധതികളും ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളും പഠിച്ച ശേഷം ഹരിയാനയിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിക്കൊപ്പം ഹരിയാന ടൂറിസം ഡയറക്ടറുൾപ്പെടെ 6 അംഗ സംഘമാണ് കുമരകം സന്ദർശനത്തിനെത്തിയത്.