kerala-yathra

കോട്ടയം: യു.ഡി.എഫ് പ്രവർത്തകർക്ക് ആവേശവും ആത്മവിശ്വാസവും പകർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ജില്ലയിൽ പ്രവേശിച്ചു. ഇന്നലെ രാത്രി ഏറെ വൈകിയും നടന്ന സ്വീകരണങ്ങളിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ജില്ലയിലെ പര്യടനം ഇന്ന് വൈക്കത്ത് പൂർത്തിയാക്കി ആലപ്പുഴ ജില്ലയിലേയ്ക്ക് പ്രവേശിക്കും.

ഇടുക്കി ജില്ലയിൽ നിന്ന് ഇന്നലെ രാവിലെ കോട്ടയത്തേയ്ക്ക് പ്രവേശിച്ച യാത്രയെ നെല്ലാപ്പാറയിൽ യു.ഡി.എഫ് നേതാക്കൾ സ്വീകരിച്ചു. ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കൾ പങ്കെടുത്തു. പാലായിലായിരുന്നു ഏറ്റവും വലിയ ആഘോഷം. മാണി സി.കാപ്പന്റെ യു.ഡി.എഫ് പ്രവേശനം വർണാഭമാക്കിയുള്ള ചടങ്ങായിരുന്നു പാലായിലേത്. കുരുശു പള്ളിക്കവലയിൽ നടന്ന ചടങ്ങിൽ ഉമ്മൻചാണ്ടി, പി.ജെ. ജോസഫ്,​ പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും പങ്കെടുത്തു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എം.പിമാർ,​ എം.എൽ.എമാർ തുടങ്ങിയവരും യാത്രയെ വരവേറ്റു.

വഴിയോരങ്ങളിൽ കനത്ത ചൂടിനെയും വകവയ്ക്കാതെ നൂറുകണക്കിന് പ്രവർത്തകരാണ് യാത്രയെ വരവേൽക്കാൻ കാത്തുനിന്നത്. ഈരാറ്റുപേട്ട മണ്ഡലത്തിലെ വടക്കേക്കര സെൻട്രൽ ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ചെന്നിത്തല ആഞ്ഞടിച്ചു. പിണ്ണാക്കനാട് , കാഞ്ഞിരപ്പള്ളി,​ പൊൻകുന്നം വഴി കറുകച്ചാലിലെത്തിയപ്പോൾ വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഇരുചക്ര വാഹന റാലിയും ചെന്നിത്തലയ്ക്ക് അകമ്പടിയായി.

തുടർന്ന് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി ആലാമ്പള്ളിയിലും സ്വീകരണം ഒരുക്കി. ബസ് സ്റ്റാന്റ് മൈതാനത്ത് നടന്ന സമ്മേളനത്തിലും നൂറുകണക്കിന് പേർ പങ്കെടുത്തു. മണർകാട്, പുതുപ്പള്ളി, തെങ്ങണ വഴി ചങ്ങനാശേരി കെ.എസ്.ആർ.ടി.സിക്ക് സമീപത്തെ സ്വീകരണ യോഗത്തിനെത്തുമ്പോൾ ഇരുട്ട് വീണിരുന്നു. രാത്രി ഒമ്പതോടെയാണ് തിരുനക്കരയിലെ സ്വീകരണ വേദിയിലേയ്ക്ക് ചെന്നിത്തല എത്തിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കോട്ടയത്തേയ്ക്ക് സ്വീകരിച്ചു.

 ഇന്ന് സമാപിക്കും

യാത്രയുടെ രണ്ടാം ദിവസമായ ഇന്ന് രാവിലെ നഗരത്തിലെ പ്രമുഖ വ്യക്തികളുമായി ഹോട്ടൽ ഐഡയിൽ രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും. തുടർന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കും.