 
കട്ടപ്പന: തമിഴ്നാട്ടിൽ നിന്നെത്തിയ 16.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. തമിഴ്നാട് രായപ്പൻപ്പെട്ടി സ്വദേശി പാർത്ഥിപനാണ് (40) പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് വാങ്ങിയ കഞ്ചാവ് ബൊലേറോയിൽ കട്ടപ്പനയിലേക്ക് കൊണ്ടുപോകുന്നതിനിടെ വണ്ടൻമേട് മാലി മഹാറാണി ഇല്ലത്ത് ദൈവം (36), തമിഴ്നാട് രായപ്പൻപെട്ടി സ്വദേശി രഞ്ജിത്ത് (28) എന്നിവരെ കഴിഞ്ഞ ഏഴിന് പുലർച്ചെ അറസ്റ്റ് ചെയ്തിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് നർക്കോട്ടിക് സ്‌ക്വാഡും വണ്ടൻമേട് പൊലീസും ആമയാറിൽ നടത്തിയ പരിശോധനയിൽ ഇവർ സഞ്ചരിച്ച ബൊലേറോയിൽ നിന്ന് മൂന്നു പൊതികളാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തമിഴ്നാട് കമ്പത്തുനിന്ന് ഒന്നേകാൽ ലക്ഷം രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും എത്തിച്ച് വിൽക്കാനായിരുന്നു സംഘം ലക്ഷ്യമിട്ടത്. തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് എത്തിച്ച് സംസ്ഥാനത്തുടനീളം വിൽക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായവർ. പാർത്ഥിപനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.