sandwanam

കോട്ടയം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്‍റെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം അദാലത്തുകള്‍ക്ക് കോട്ടയം ജില്ലയില്‍ ഇന്ന് തുടക്കമാകും. മാമ്മന്‍ മാപ്പിള ഹാളിൽ രാവിലെ ഒന്‍പതു മുതല്‍ 12.30 വരെ മീനച്ചില്‍ താലൂക്കിലെയും 1.30 മുതല്‍ വൈകുന്നേരം 5.30 വരെ കോട്ടയം താലൂക്കിലെയും പരാതികൾ പരിഗണിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമനു പുറമെ മന്ത്രിമാരായ കെ.ടി. ജലീലും കെ. കൃഷ്ണന്‍കുട്ടിയുമാണ് നേതൃത്വം നല്‍കുക.
അദാലത്ത് വേദിയില്‍ വിവിധ വകുപ്പുകള്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയില്‍ 6727 പരാതികളാണ് ലഭിച്ചത്. ഇതില്‍ 4705 എണ്ണം പൊതുവായതും 2022 എണ്ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍നിന്നും ധനസഹായം ലഭിക്കുന്നതിനുള്ളതുമാണ്. 491 പൊതു പരാതികള്‍ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ടവയാണ്.

ദുരിതാശ്വാസ നിധിയില്‍നിന്നും ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകളില്‍ ജില്ലാ കളക്ടര്‍ക്ക് അനുവദിക്കാവുന്ന പരമാവധി തുക പതിനായിരം രൂപയാണ്. ഈ പരിധിക്കുള്ളില്‍ തുക നല്‍കേണ്ട പരാതികൾ തീര്‍പ്പായിട്ടുണ്ട്. പതിനായിരം രൂപയ്ക്കു മുകളില്‍ അനുവദിക്കേണ്ട 371 അപേക്ഷകള്‍ അദാലത്തുകളില്‍ പരിഗണിക്കും. ബി.പി.എല്‍ വിഭാഗത്തിലേക്ക് മാറ്റിയ റേഷന്‍ കാര്‍ഡുകളുടെ വിതരണവും അദാലത്തുകളില്‍ നടക്കും.

പൊതുവായ പരാതികളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തിയിരുന്നു. തീര്‍പ്പുകല്‍പ്പിച്ച കേസുകളില്‍ ഇതിനോടകം പരാതിക്കാരെ വിവരം അറിയിച്ചിട്ടുണ്ട്. ഇവര്‍ അദാലത്തില്‍ പങ്കെടുക്കേണ്ടതില്ല.

പുതിയ പരാതികളും സ്വീകരിക്കും
ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അദാലത്തില്‍ പരാതി നല്‍കാം. ഇതിനായി മൂന്നു കൗണ്ടറുകള്‍ പ്രത്യേകമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ അപേക്ഷകള്‍ സ്വീകരിക്കുമ്പോള്‍ കൗണ്ടറില്‍നിന്ന് പരാതിക്കാര്‍ക്ക് കൈപ്പറ്റ് രസീത് നല്‍കും. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്‍റെ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്ത ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായവുമായി ബന്ധപ്പെട്ട പുതിയ അപേക്ഷകള്‍ക്കൊപ്പം മതിയായ അനുബന്ധ രേഖകളും ഹാജരാക്കണം. ചികിത്സാ ധനസഹായ അപേക്ഷകളില്‍ അദാലത്തില്‍തന്നെ തീര്‍പ്പുകല്‍പ്പിക്കും.

നാളെയും 18നും അദാലത്തുകള്‍
നാളെ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം 5.30 വരെ നെടുംകുന്നം സെന്‍റ് ജോണ്‍സ് പാസ്റ്ററല്‍ സെന്‍ററിലും 18ന് രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചു വരെ വൈക്കം നാനാടം ആതുരാശ്രമം ഓഡിറ്റോറിയത്തിലും അദാലത്തുകള്‍ നടക്കും.