ചങ്ങനാശേരി: എ.സി റോഡിൽ മനയ്ക്കച്ചിറ ഭാഗത്ത് കാറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ബുള്ളറ്റ് യാത്രികനായ ആലപ്പുഴ പഴവീട് സ്വദേശി സുരേഷ് (44) നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8.10 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ സുരേഷിനെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സുരേഷ് ഓടയിലേക്ക് തെറിച്ചുവീണു. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശേരി പൊലീസ് മേൽനടപടി സ്വീകരിച്ചു.