dog
കട്ടപ്പന കൈരളി ജംഗ്ഷനില്‍ തെരുവുനായയെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍.

 വലിച്ചിഴച്ച മദ്ധ്യവയസ്‌കൻ അറസ്റ്റിൽ


കട്ടപ്പന: നെടുമ്പാശേരി അത്താണി സംഭവത്തിന് സമാനമായി തെരുവുനായയെ ക്രൂരമായി ഉപദ്രവിച്ച് കഴുത്തിൽ കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ചു. പ്രദേശവാസിയായ യുവാവ് പകർത്തിയ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നായയെ ഉപദ്രവിച്ചയാളെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കൈരളി ജംഗ്ഷൻ മാണ്ടിയിൽ ഷാബുവാണ് (51) പിടിയിലായത്. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. കട്ടപ്പന കൈരളി ജംഗ്ഷനിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നായിരുന്നു സംഭവം. ഷാബുവിനെ സമീപത്തെത്തിയ നായയെ ഇയാൾ വടി കൊണ്ട് തല്ലിയ ശേഷം കഴുത്തിൽ കയർ കെട്ടി റോഡിലൂടെ 20 മീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. ശരീരത്തിൽ സാരമായി മുറിവേറ്റ നായയെ പ്രദേശവാസികളായ സിദ്ധാർത്ഥ്, അഭിജിത്ത് എന്നിവർ ചേർന്ന് കട്ടപ്പന മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. തുടർന്ന് രണ്ട് ദിവസം ഇരുവരുടെയും സംരക്ഷണയിൽ വിട്ടു. സാരമായി പരിക്കേറ്റതിനാൽ നായയ്ക്ക് നടക്കാൻ കഴിയില്ല. സിദ്ധാർത്ഥ് പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് സ്ഥലത്തെത്തി ഷാബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിദ്ധാർത്ഥിന്റെ മൊഴി രേഖപ്പെടുത്തിയാണ് ഷാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം തന്നെ ആക്രമിക്കാൻ ശ്രമിച്ച നായയെ സ്വയരക്ഷയ്ക്കായി കുടുക്കിട്ട് പിടിക്കുകയായിരുന്നെന്നാണ് ഷാബു പറയുന്നത്. സംഭവത്തിൽ മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരവും ഐ.പി.സിയും ഉപയോഗിച്ചാണ് സാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. ഡിസംബർ 12ന് നെടുമ്പാശേരി അത്താണിക്ക് സമീപം നായയെ ഓടുന്ന കാറിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചത് വലിയ വിവാദമായിരുന്നു.