kalambattuchira

ചങ്ങനാശേരി: കുറിച്ചി വാകത്താനം ഗ്രാമപഞ്ചായത്തുകളുടെ സംഗമ പ്രദേശമായ പുഴയും നെൽപാടങ്ങളും നിറഞ്ഞ കളമ്പാട്ടുചിറ ഇനി വിനോദ വിശ്രമ കേന്ദ്രമാകും. കളമ്പാട്ടുചിറയിൽ നാലുമണിക്കാറ്റു മാതൃകയിൽ വിനോദവിശ്രമകേന്ദ്രം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ത്രിതലപഞ്ചായത്തുകൾക്കും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനും ഇത്തിത്താനം വികസന സമിതിയുടെ നേതൃത്വത്തിൽ നിവേദനം നല്കിയിരുന്നു. ഇത്തിത്താനത്ത് നിന്ന് വാകത്താനത്തിന്റെ പ്രവേശന കവാടമായ ഇവിടം സൗന്ദര്യവത്കരണം നടത്തി സായാഹ്ന വിശ്രമ കേന്ദ്രമാക്കുന്നതിനെക്കുറിച്ചും കറുകച്ചാലിൽ നിന്നും ആരംഭിച്ച് നാലുന്നാക്കൽ ചീരംചിറ, കളമ്പാട്ടു ചിറ, മാളികക്കടവ്, വാകത്താനം പള്ളിക്കടവ്, പടിയറക്കടവ്, ചാലച്ചിറകണ്ണമ്പേരൂർചിറ, പാതിയപ്പള്ളിക്കടവ്, അമ്പാട്ടുകടവ് വഴി ഒഴുകുന്ന കൊടൂരാറിന്റെ തെക്കൻ ശാഖയിലൂടെയുള്ള ജലടൂറിസം സാദ്ധ്യതകൾ ചർച്ച ചെയ്യുന്നതിനുമായി കളമ്പാട്ടുചിറയിൽ ജനകീയ കൂട്ടായ്മക്ക് തുടക്കമായി. വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി, വൈസ് പ്രസിഡന്റ് ബെന്നി ഇളംകാവിൽ, പഞ്ചായത്ത് അംഗം ജോബി ചട്ടത്തിൽ, കോരസൺ സഖറിയ, ഫാദർ സി. ജോൺ ചിറത്തലാറ്റ്, എ.ജെ. ജോൺ, ബാബു മാവിലശ്ശേരിൽ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്, ഉദ്യോഗസ്ഥർ, പടിയറക്കടവ് ഉല്ലാസ തീരം ഭാരവാഹികൾ, ജനകീയ കൂട്ടായ്മ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മീനച്ചിലാർ മീനന്തലയാർ നദി സംയോജന പദ്ധതി ജില്ലാ കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ സ്ഥലം സന്ദർശിച്ചു.

കളമ്പാട്ടുചിറയുടെ ഭംഗി തിരിച്ചറിഞ്ഞ് സന്നദ്ധസംഘടനകൾ ചെടികളും പൂമരങ്ങളും മറ്റും വച്ചുപിടിപ്പിച്ചെങ്കിലും എല്ലാം ഉപേക്ഷിക്കപ്പെട്ട നിലയിലായി. തോടിന് സംരക്ഷണഭിത്തി കെട്ടി, റോഡരികിൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കുന്നതിലൂടെ സായാഹ്നങ്ങളിൽ കുടുംബങ്ങൾക്ക് സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. പ്രദേശത്തിന്റെ വികസനപ്രവർത്തനങ്ങളും മേൽനോട്ടവും കുടുംബശ്രീയെ ഏൽപ്പിച്ചാൽ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കും. കുറിച്ചി, വാകത്താനം, വാഴപ്പള്ളി എന്നീ മൂന്ന് പഞ്ചായത്തുകളിലൂടെയാണ് തോട് കടന്നു പോകുന്നത്. അതിനാൽ, മൂന്ന് പഞ്ചായത്തുകളെയും ഉൾപ്പെടുത്തി ജനകീയ സമിതി രൂപീകരിക്കും.

ചെയ്യേണ്ടത് :

സഞ്ചാരികളെ ആകർഷിക്കാൻ കളമ്പാട്ടുചിറ മുതൽ ചാലച്ചിറ വരെ സംരക്ഷണ ഭിത്തി കെട്ടണം. തോടിന്റെ ഇരുകരകളിലും ബണ്ട് സ്ഥാപിച്ച് സുരക്ഷിതമാക്കണം. തോടിന് ഇരുവശത്തുമുള്ള തരിശുപാടത്ത് നെൽകൃഷി തുടങ്ങണം. പെഡൽബോട്ടുകളും വിശ്രമകേന്ദ്രങ്ങളും ഭക്ഷണശാലകളും വേണം. വരുന്നവർക്ക് ചൂണ്ടയിടാനും വലവീശാനുമുള്ള സൗകര്യം ഒരുക്കണം.