aks

നിർമാണോദ്ഘാടനം ഇന്ന്

കോട്ടയം : അക്ഷരനഗരമായ കോട്ടയത്ത് പത്തുകോടി രൂപ ചെലവഴിച്ച് സംസ്ഥാന സർക്കാർ നിർമിക്കുന്ന അക്ഷര മ്യൂസിയത്തിന് ഇന്ന് ആദ്യശില പാകും. മലയാള ഭാഷയുടെ പൈതൃകവും വേരുകളും കണ്ടെത്താൻ സാഹിത്യ വിദ്യാർത്ഥികൾക്ക് ഇനി എം.സി റോഡരികിൽ നാട്ടകത്ത് എസ്.പി.സി.എസ് വക സ്ഥലത്ത് ഉയരുന്ന അക്ഷര മ്യൂസിയം സന്ദർശിച്ചാൽ മതി. മൺമറഞ്ഞ സാഹിത്യകാരന്മാരുടെ പ്രസംഗങ്ങൾ അവരുടെ ശബ്ദത്തിൽ കേൾക്കാം. വെർച്വൽ റിയാലിറ്റി സംവിധാനത്തോടെ അവരുമായി സംവദിക്കാം. ആധുനിക സാങ്കേതിക വിദ്യയിലൂടെ പഴമയെ കോർത്തിണക്കുന്നതാണ് ആദ്യഘട്ടം. എഴുത്തും സാഹിത്യവുമായി ബന്ധപ്പെട്ട് പുരാവസ്തു പുരാരേഖകളുടെ വിപുലമായ ശേഖരണം, സംരക്ഷണം, ഗവേഷണം ഡിജിറ്റൽ /ഓഡിയോ ലൈബ്രറി, ഓഡിയോ വീഡിയോ സ്റ്റുഡിയോ, മൾട്ടിപ്ലക്‌സ് ആംഫി തിയേറ്റർ, വിപുലമായ പുസ്തക ശേഖരം, സുവനീർ ഷോപ്പ് പുസ്തകങ്ങളുടെ ആദ്യ പതിപ്പുകൾ,ആർക്കൈവിംഗ്, എപ്പിഗ്രഫി, മ്യൂസിയോളജി, കൺസർവേഷൻ വിഷയങ്ങളിൽ പഠന ഗവേഷണ സൗകര്യം എന്നിവ ലഭ്യമാണ്. ഒരു പുസ്തകം തുറന്നുവച്ച മാതൃകയിലാണ് കെട്ടിടത്തിന്റെ രൂപകല്പന. നാല് ഘട്ടങ്ങളിലായാണ് മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്.

വൈകിട്ട് നാലിന് നാട്ടകം എസ്.പി.സി.എസ് വളപ്പിൽ മന്ത്രി കടകംപള്ളി സരേന്ദ്രൻ മ്യൂസിയത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കും. തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, എസ്.പി.സി.എസ് പ്രസിഡന്റ് അഡ്വ.പി.കെ.ഹരികുമാർ, മിനി ആന്റണി തുടങ്ങിയവർ പങ്കെടുക്കും.

ഒന്നാംഘട്ടം

(വരയിൽ നിന്ന് ഭാഷയിലേക്ക് )

വാമൊഴിയും വരമൊഴിയും അച്ചടിയും കടന്ന് ഇതുവരെയുള്ള ഘട്ടങ്ങൾ. ഗുഹാചിത്രങ്ങൾ, അച്ചടിയുടെ ഉത്ഭവം, വികാസം, പരിണാമം, പഴയ അച്ചടി യന്ത്ര പ്രവർത്തനം, മാതൃകാ പ്രദർശനം.


രണ്ടാംഘട്ടം

(കവിതാ സഞ്ചാരം )

നാടൻ പാട്ട്, സംഘകാല സാഹിത്യം, താളിയോല ഗ്രന്ഥങ്ങൾ തുടങ്ങി ഉത്തരാധുനിക കവിതകൾ വരെ.


മൂന്നാംഘട്ടം

(ഗദ്യ സാഹിത്യം)

കഥ, നോവൽ,നാടകം, ജീവചരിത്രം, അനുഷ്ഠാന, പ്രാചീന കലകൾ, ഓഡിയോ വീഡിയോ ആനിമേഷൻ കാർട്ടൂൺ, പ്രിന്റ് ഡിജിറ്റൽ, രേഖാ ചിത്ര പ്രദർശനം


നാലാംഘട്ടം

(വൈജ്ഞാനിക സാഹിത്യം)

മലയാള ഭാഷ ഇതു വരെ കൈവരിച്ച നേട്ടങ്ങളിലേക്കുള്ള എത്തിനോട്ടം.


മെഴുകു പ്രതിമകൾ

തകഴി, ബഷീർ, കാരൂർ, പൊൻകുന്നം വർക്കി, ലളിതാംബിക അന്തർജ്ജനം എന്നിവരുടെ മെഴുകു പ്രതിമകൾ അവരവരുടെ തറവാട്ടു മുറ്റത്ത് സ്ഥാപിക്കും.