
കോട്ടയം: കേരളയാത്രാവേദിയിൽ രമേശ് ചെന്നിത്തയുടെ കൈപിടിച്ച് യു.ഡി.എഫിലേക്ക് ചേക്കേറാനെത്തിയ മാണി സി. കാപ്പന്റെ പാർട്ടി പ്രഖ്യാനം നീളുമെന്നുറപ്പായി. ഇന്നലെ പാർട്ടി രൂപീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ മാസത്തോടെ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് കാപ്പൻ ഇന്നലെ പറഞ്ഞത്. യു.ഡി.എഫിൽ ഘടകകക്ഷിയാകുന്ന പാർട്ടിക്ക് മൂന്നു സീറ്റ് നൽകാമെന്ന് നേതാക്കൾ സമ്മതിച്ചുവെന്ന കാപ്പന്റെ അവകാശവാദം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തള്ളിയത് തുടക്കത്തിലേ കല്ലുകടിയായി.
ഇന്നലെ രാവിലെ കാപ്പൻ കോട്ടയത്തെത്തി ചെന്നിത്തലയെ സന്ദർശിച്ചിരുന്നു. പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ കാപ്പന്റെ പാർട്ടിയെ ഘടകകക്ഷിയാക്കുന്നതും മൂന്നു സീറ്റ് നൽകുന്നതും സംബന്ധിച്ച് യു.ഡി.എഫ് തീരുമാനിക്കുമെന്ന് ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് ചെന്നിത്തല നൽകിയത്.
അതിനിടെ പുതിയ പാർട്ടി ഭരണഘടന, കൊടി, രജിസ്ട്രേഷനുൾപ്പടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ മാണി സി. കാപ്പൻ ചെയർമാനും, അഡ്വ. ബാബു കാർത്തികേയൻ കൺവീനറുമായി പത്തംഗസമിതിയെ നിയോഗിച്ചു. പ്രവർത്തനങ്ങൾ വിലയിരുത്താൻ അടുത്ത ഞായറാഴ്ച തിരുവനന്തപുരത്ത് വീണ്ടും യോഗം ചേരും. പാർട്ടിക്ക് എൻ.സി.പി കേരള എന്ന പേര് നൽകാനാണ് ഉദ്ദേശിക്കുന്നത്.
മൂന്നു സംസ്ഥാന ജനറൽ സെക്രട്ടറിമാരുൾപ്പെടെ പത്തു നേതാക്കളാണ് കാപ്പനൊപ്പം എൻ.സി.പി വിട്ടത്. സർക്കാരിൽ നിന്ന് ലഭിച്ച കോർപറേഷൻ ചെയർമാൻ, ബോർഡ് സ്ഥാനങ്ങൾ ഇവർ ഉടൻ രാജിവയ്‌ക്കും.
 കാപ്പൻ കോൺഗ്രസിലേക്ക് വരണം : മുല്ലപ്പള്ളി
എൻ.സി.പി വിടുന്ന മാണി സി.കാപ്പൻ കോൺഗ്രസിലേക്ക് വരണമെന്നാണ് തന്റെ അഭിപ്രായമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് കാപ്പൻ വരുന്നത്. കാപ്പൻ കോൺഗ്രസിൽ ചേർന്നാൽ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം നൽകാൻ സാധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ പാർട്ടി രൂപീകരിച്ചാണ് വരുന്നതെങ്കിൽ ഘടകകക്ഷി ആക്കുന്നകാര്യം എ.ഐ.സി.സിയുമായി ആലോചിച്ചു മാത്രമെ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളു. ജനസ്വീകാര്യതയും വിജയസാദ്ധ്യതയുമാണ് സ്ഥാനാർത്ഥി നിർണ്ണയത്തിലെ മാനദണ്ഡം.