
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ നാലടക്കം മൊത്തം 11 സീറ്റെങ്കിലും വേണമെന്ന നിലപാടിൽ കേരളകോൺഗ്രസ് ജോസഫ് വിഭാഗം. കഴിഞ്ഞ തവണ ജോസഫ് വിഭാഗം ഉൾപ്പെട്ട കേരള കോൺഗ്രസ് (എം) 15 സീറ്റിലായിരുന്നു മത്സരിച്ചത്. 9 സീറ്റുവരെ നൽകാമെന്നാണ് കോൺഗ്രസ് നിലപാട്. രമേശ് ചെന്നിത്തലയുടെ കേരളയാത്രയ്ക്കുശേഷം 25ന് സീറ്റ് ചർച്ച പുനരാരംഭിക്കും.
ആലത്തൂർ, തളിപ്പറമ്പ്, പാല എന്നിവയ്ക്കുപുറമേ, കോട്ടയത്ത് ഒരു സീറ്റു കൂടി കോൺഗ്രസിന് നൽകാമെന്നാണ് ജോസഫ് പറയുന്നത്.
വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ ഏജൻസി വഴി സർവേയും നടത്തുന്നുണ്ട്. തൊടുപുഴ പി.ജെ. ജോസഫിനും കടുത്തുരുത്തി മോൻസ് ജോസഫിനും ഇരിങ്ങാലക്കുട തോമസ് ഉണ്ണിയാടനും മാറ്റിവച്ചിരിക്കുന്നതിനാൽ മറ്റു മണ്ഡലങ്ങളിലാണ് സർവേ.
പാർട്ടി ഏജൻസിക്ക് നൽകിയ ലിസ്റ്റ് പ്രകാരം
ഇടുക്കി, കോതമംഗലം, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ഫ്രാൻസിസ് ജോർജിന്റെ പേരുണ്ട്. തിരുവല്ലയിൽ മുൻ എം.എൽ.എ ജോസഫ് എം. പുതുശേരി, വിക്ടർ ടി. തോമസ്, വർഗീസ് മാമ്മൻ എന്നിവരാണ് പരിഗണനയിൽ. ചങ്ങനാശേരിയിൽ സി.എഫ്. തോമസിന്റെ മകൾ സിനി തോമസ്, സഹോദരനും മുൻ നഗരസഭാ ചെയർമാനുമായ സാജൻ ഫ്രാൻസിസ്, വി.ജെ. ലാലി എന്നിവർക്കാണ് മുൻഗണന. പ്രിൻസ് ലൂക്കോസ്, സജി മഞ്ഞക്കടമ്പിൽ, മൈക്കിൾ ജയിംസ് എന്നിവരാണ് ഏറ്റുമാനൂരിലെ പട്ടികയിൽ. കാഞ്ഞിരപ്പള്ളിയിൽ ഫ്രാൻസിസ് ജോർജിന് പുറമേ മുൻ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തോമസ് കുന്നപ്പള്ളി എന്നിവരുടെ പേരുമുണ്ട്. ഇടുക്കിയിൽ ഫ്രാൻസിസ് ജോർജ്, മാത്യു സ്റ്റീഫൻ, എം.ജെ. ജേക്കബ് തുടങ്ങിയവരും കോതമംഗലത്ത് ഷിബു തെക്കുംപുറവും ജോണി നെല്ലൂരുമാണ് പരിഗണനയിൽ.