chennithala

പൗരത്വ ബിൽ, ശബരിമല സമരക്കാർക്കെതിരെഎടുത്ത കേസുകൾ യു.ഡി.എഫ് പിൻവലിക്കും

കോട്ടയം: പിൻവാതിൽ നിയമനമേള നടത്തുന്ന സർക്കാർ, തൊഴിലിനായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന യുവജനങ്ങളുമായി ചർച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമരം ഒത്തുതീർക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ വന്നാൽ പൗരത്വ നിയമ ഭേദഗതിക്കെതിരെയും ശബരിമല യുവതീ പ്രവേശനത്തിൽ സമരം ചെയ്‍തവർക്കെതിരെയും എടുത്ത കേസുകൾ പിൻ വലിക്കും. പെട്രോൾ വില പിടിച്ചു നിറുത്തുന്നതിന് അധിക നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകണം. ഇടതു മുന്നണി വികസന മുന്നേറ്റയാത്ര വാചകമടി വികസന യാത്രയായി മാറി.

പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി കവാത്ത് മറന്നു.. ബി.പി.സി.എൽ സ്വകാര്യവൽക്കരിക്കുന്ന നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് മുമ്പിൽ പ്രതിഷേധം രേഖപ്പെടുത്തേണ്ടതായിരുന്നു.. സംവാദ പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചവരെ പുറത്താക്കുന്ന മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒരേ തൂവൽ പക്ഷികളാണ്.

.കാപ്പൻ വന്നത് യു.ഡി.എഫിന്റെ ശക്തി കൂട്ടും പാലായിൽ വെല്ലുവിളി ഉയർത്താൻ ജോസ് കെ. മാണിക്കു കഴിയില്ല. .പി.സി.ജോ‌ർജിന്റെ യു.ഡി.എഫ് പ്രവേശന കാര്യത്തിൽ തീരുമാനമായില്ല .പി.ജെ.ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജനത്തിൽ തർക്കമില്ല. മൂന്നു തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന സി.പി.ഐ നിലപാടിനോട് കോൺഗ്രസിന് യോജിപ്പില്ല. ബി.ജെ.പി ജാഥയുടെ പേര് വിജയ ജാഥ എന്നാക്കിയത് പിണറായിവിജയനെ സഹായിക്കാനുള്ള ജാഥയായതിനാലാണെന്ന് ചെന്നിത്തല പരിഹസിച്ചു.