hospital

വൈക്കം : വൈക്കം താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് നിർമ്മിച്ച അമ്മയും കുഞ്ഞും ആശുപത്രി ഇന്ന് നാടിന് സമർപ്പിക്കും. ജില്ലാതല ആശുപത്രിയുടെ എല്ലാ അത്യാധുനിക സൗകര്യങ്ങളോടുകൂടി ആറ് നിലകളിലായുള്ള കെട്ടിടം നബാർഡിൽ നിന്നുള്ള 22കോടി വിനിയോഗിച്ചാണ് നിർമ്മിച്ചത്. ലേബർ റൂമുകൾ, കുട്ടികൾക്കുള്ള ഐ.സി.യു ,ഒബ്‌സർവേഷൻ റൂമുകൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ ഉറപ്പാക്കുന്ന ആശുപത്രിയിൽ 200 കിടക്കകൾ സജ്ജീകരിക്കാനാകും. വൈക്കം താലുക്ക് ആശുപത്രിയിലെ ഒ.പി യിൽ1500 ഓളം രോഗികൾ വരെ ചികിത്സ തേടുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനക്ഷമമാകുന്നതോടെ താലൂക്ക് ആശുപത്രിയിലെ രോഗികളുടെ തിരക്ക് ഗണ്യമായി കുറയും. മറ്റ് രോഗികൾക്ക് മികച്ച ചികിത്സ ഇതോടെ ഉറപ്പാക്കാനാകും. ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്നത് വൈക്കം താലൂക്ക് ആശുപത്രിയിലാണ്. രാവിലെ 9.30ന് മന്ത്രിമാരായ കെ.കെ.ശൈലജ , ഡോ.തോമസ് ഐസക്ക് എന്നിവർ ആശുപത്രി നാടിന് സമർപ്പിക്കും. സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

മികച്ച ചികിത്സ ഉറപ്പാക്കും : സി.കെ. ആശ എം.എൽ.എ

സാധാരണക്കാർ ഏറെയുള്ള വൈക്കത്തെയും സമീപ പ്രദേശങ്ങളിലേയും സ്ത്രീകൾക്കും കുട്ടികൾക്കും മികച്ച ചികിത്സ ഉറപ്പാക്കുകയാണ് അമ്മയും കുഞ്ഞും ആശുപത്രിയിലൂടെ ലക്ഷ്യമിടുന്നത്.