വൈക്കം : ചരിത്ര വിദ്യാലയം ഇനി മികവിന്റെ കേന്ദ്രം. അന്താരാഷ്ട്ര നിലവാരത്തിലേയ്ക്കുയരുന്ന വൈക്കം ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം 18ന് രാവിലെ 10ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

വൈക്കം നഗരത്തിൽ 1892-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു. ആലപ്പുഴ മുതൽ തിരുവിതാംകൂറിന്റെ വടക്കേയറ്റമായ കണ്ടനാട് വരെയുള്ള ഏക ഇംഗ്ലീഷ് സ്കൂളായിരുന്നു ഇത്. മലയാളസാഹിത്യത്തിലെ ജ്ഞാനപീഠ ജേതാവ് തകഴി ശിവശങ്കരപ്പിള്ളയും ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറും ഈ കലാലയത്തിൽ പഠിച്ചവരാണ്. 1962 ൽ കുട്ടികളുടെ എണ്ണം 2500ൽ അധികമായതിനാൽ ബോയ്സ് സ്കൂളും ഗേൾസ് സ്കൂളുമായി വിഭജിക്കപ്പെട്ടു. 1992-ൽ സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. നിലവിൽ വൈക്കം മണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്കുയരുന്ന ഏകവിദ്യാലയമാണ് വൈക്കം ഗവ:ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ.

സംസ്ഥാന സർക്കരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി സ്കൂൾ സി.കെ.ആശ എം.എൽ.എ നിർദ്ദേശിക്കുകയും, കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 5 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഹൈസ്കൂൾ - ഹയർസെക്കൻഡറി വിഭാഗങ്ങൾക്കായി ഹൈടെക് ക്ലാസ് മുറികൾ, ആധുനിക സൗകര്യത്തോടുകൂടിയ സയൻസ് ലാബുകൾ, ശൗചാലയങ്ങൾ, നടുമുറ്റങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് കെട്ടിട സമുച്ചയം. വിശാലമായ ഡൈനിംഗ് ഹാളും അടുക്കളയും ഒരുക്കിയിട്ടുണ്ട്. വൈക്കം നഗരസഭയുടെ ഫണ്ടിൽ ഉൾപ്പെടുത്തി ഹൈടെക് ക്ലാസ് മുറിക്ക് അനുയോജ്യമായ 27 ലക്ഷം രൂപയുടെ ഫർണിച്ചറുകളും സജ്ജമായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ധനകാര്യവകുപ്പ് മന്ത്രി ‌‌ഡോ.തോമസ് ഐസക് മുഖ്യാതിഥിയായിരിക്കും. സ്കൂളിൽ നടക്കുന്ന പൊതുപരിപാടിയിൽ സി.കെ.ആശ എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്യും.