മികച്ച പദ്ധതികളുമായി കോട്ടയം നഗരസഭ ബഡ്ജറ്റ്


കോട്ടയം: ശുചിത്വ, പാർപ്പിട, നഗരസൗന്ദര്യ വത്കരണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കോട്ടയം നഗരസഭ ബഡ്ജറ്റ്. 134.18 കോടി രൂപ വരവും 113.62 കോടി രൂപ ചെലവും 20.55 കോടി രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് നഗരസഭ ഉപാദ്ധ്യക്ഷൻ ബി. ഗോപകുമാർ അവതരിപ്പിച്ചു. നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ബഡ്ജറ്റിൽ തിരുനക്കര മൈതാനം നവീകരണം, നെഹ്റു സ്റ്റേഡിയം നവീകരണം തുടങ്ങിയ പതിവു പദ്ധതികളുടെ പ്രഖ്യാപനവുമുണ്ട്. ബഡ്ജറ്റിൻമേലുള്ള ചർച്ച നാളെ 11നു കൗൺസിൽ ഹാളിൽ നടക്കും.

മെട്രോ കോട്ടയത്തെത്തിക്കും

നഗരസഭ ബഡ്ജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനം മെട്രോ റെയിൽ കോട്ടയത്തേയ്ക്ക് നീട്ടുന്നതിനു നടപടിയെടുക്കുമെന്നതാണ്. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം കോട്ടയത്തേയ്ക്ക് നീട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളെ കോട്ടയം നഗരസഭ സമീപിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ട്. നഗരസഭയിലെ എല്ലാ പണമിടപാടുകളും ഓൺലൈനാക്കും. നഗരസഭയെ ഐ.എസ്.ഒ നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് പണമിടപാടുകൾ ഓൺലൈനാക്കുന്നത്. നഗരസഭയുടെ ആസ്ഥി നിർണ്ണയിക്കാൻ ജിയോ ടാഗ് ഏർപ്പെടുത്തുകയും, ജലാശയങ്ങളിലെ പോളയും പായലും നീക്കം ചെയ്യാൻ ഫ്ളോട്ടിംഗ് എസ്‌കവേറ്റർ ഏർപ്പെടുത്തുകയും ചെയ്യുമെന്നും പ്രഖ്യാപനമുണ്ട്. റോഡുകളുടെ അറ്റകുറ്റപണികൾക്കായി സ്ഥിരം സംവിധാനം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. നഗരത്തിലെ എല്ലാ പാടശേഖരങ്ങളിലും കൃഷിയിറക്കുമെന്നും പ്രഖ്യാപനമുണ്ട്.

മാലിന്യ സംസ്‌കരണത്തിന് 23.2 കോടി

കേരള ഖരമാലിന്യ നിർമ്മാർജന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചിരിക്കുന്ന 23.2 കോടി രൂപ മാലിന്യ സംസ്‌കരണത്തിന് ക്രമീകരിക്കും. രാത്രി കാല ശുചീകരണത്തിനു സ്വീപ്പിംഗ് മിഷ്യൻ വാങ്ങും.ഓടകൾ വൃത്തിയാക്കാൻ ഗള്ളി സക്കർ ലോറിയും മാലിന്യം ശേഖരിക്കാൻ പുതിയ വാഹനങ്ങളും വാങ്ങും.

കൊതുകുശല്യം പ്രതിരോധിക്കാൻ മരുന്നു തളിക്കുന്ന യൂണിറ്റ് വഴിയോരങ്ങളിലെ കുറ്റിച്ചെടിവെട്ടാൻ വീഡ് കട്ടറും, നെഹ്റു സ്റ്റേഡിയത്തിലെ പുല്ല് വെട്ടാൻ ഗ്രാസ് കട്ടറും വാങ്ങും റോഡുകളിൽ വെർട്ടിക്കൽ ഗാർഡൻ നിർമ്മിക്കും. നഗരസഭ ഓഫീസ് മുതൽ ഗാന്ധിസ്‌ക്വയർ വരെയും ഗാന്ധിസ്‌ക്വയർ മുതൽ തിരുനക്കര ക്ഷേത്രം മൈതാനം വരെയും നടപ്പാത നിർമ്മിക്കും. 15000 പോസ്റ്റുകളിൽ തെരുവുവിളക്കുകൾക്ക് പകരം എൽ.ഇ.ഡി ലൈറ്റുകൾ എത്തും

വീടിനു വഴിയൊരുങ്ങുന്നു

പി.എം.എ.വൈ -ലൈഫ് മിഷൻ പദ്ധതികൾക്കായി പനച്ചിക്കാട്ടെ നഗരസഭാ വക സ്ഥലവും നാട്ടകത്തെ നാലേക്കർ സ്ഥലവും പ്രയോജനപ്പെടുത്തും. കോട്ടയത്തെ സമ്പൂർണ ചേരി രഹിത പട്ടണമാക്കും. മുള്ളൻകുഴിയുിലെ ഫ്ളാറ്റ് നിർമാണം രണ്ടാം ഘട്ടത്തിന് ഒരു കോടി രൂപ വകയിരുത്തും. പടിഞ്ഞാറൻ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ പുത്തനങ്ങാടിയിൽ ഓവർഹെഡ് ടാങ്ക് നിർമിക്കാൻ സ്ഥലം കണ്ടെത്തും.

മറ്റ് പ്രഖ്യാപനങ്ങൾ

യുവാക്കളുടെ ആരോഗ്യപരിപാലനത്തിയായി കുമാരനല്ലൂർ, ഇല്ലിക്കൽ, കോടിമത എന്നിവിടങ്ങളിൽ ടർഫുകൾ നിർമിക്കും.

സവാരിക്കാർക്കായി ഗാന്ധിനഗർ മെഡിക്കൽ കോളജ് റോഡിൽ വാക്ക് വേ നിർമിക്കും.

കുളപ്പുരക്കടവിൽ സാംസ്‌കാരിക കേന്ദ്രം.

തിരുനക്കരയിൽ നിലവിലെ ബസ് ബേ നിലനിർത്തി അത്യാധുനിക രീതിയിൽ മൾട്ടിപ്ലക്‌സും നിർമ്മിക്കും.

കഞ്ഞിക്കുഴിയിൽ ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സ്, കുമാരനല്ലൂരിൽ മുൻസിപ്പിൽ ഓഫീസ് കം ഷോപ്പിങ്ങ് കോംപ്ലക്സ്, പഴയ പച്ചക്കറി മാർക്കറ്റിൽ കംപ്യൂട്ടറൈസ്ഡ് പാർക്കിംഗ് ടവർ തുടങ്ങിയവ ദീർഘകാല പദ്ധതിയിൽ ഉൾപ്പെടുത്തി വിഭാവനം ചെയ്യുന്നു.

മുട്ടമ്പലം ശ്മശാനം നവീകരിച്ചു ജനറേറ്റർ സ്ഥാപിക്കും.

റോഡുകളുടെ പേരുകൾ രേഖപ്പെടുത്തി ബോർഡുകൾ സ്ഥാപിക്കും.

 തിരുനക്കര ഉത്സവം, സംക്രമ വാണിഭം, താഴത്തങ്ങാടി വള്ളംകളി എന്നിവയ്ക്കായി നിശ്ചിത തുക നഗരസഭാ വിഹിതമായി വകയിരുത്തും.