
വൈക്കം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ ആവേശോജ്വലമായ സ്വീകരണമേറ്റുവാങ്ങി ആലപ്പുഴയിലേക്ക് പ്രവേശിച്ചു. ജില്ലയിലെ അവസാന സ്വീകരണ സ്ഥലമായ വൈക്കത്ത് ആയിരക്കണക്കിന് പ്രവർത്തകരാണ് ഒഴുകിയെത്തിയത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമായി ശ്രീനാരായണഗുരു സ്വപ്നം കണ്ട കേരളത്തെ ഭ്രാന്താലയമാക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും, സി.പി.എം നേതാക്കളുമെന്ന് ചെന്നിത്തല പറഞ്ഞു.സിപിഎം പച്ചയായി വർഗീയത പറയുന്നു. കേരളം ഭരിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അഴിമതി സർക്കാരാണ് പിണറായി വിജയന്റേത്. എവിടെ തൊട്ടാലും അഴിമതിയാണ്. ലക്ഷക്കണക്കിന് തൊഴിൽ രഹിതർ പി.എസ്.സി നിയമനം കാത്ത് കഴിയുമ്പോൾ അവരെ അവഗണിച്ച് പിൻവാതിൽ നിയമനങ്ങൾ നടത്തുന്നു. മൂന്ന് ലക്ഷം നിയമനങ്ങളാണ് ഈ സർക്കാർ അനർഹർക്ക് പിൻവാതിലിലൂടെ നൽകിയത്. പണ്ട് തൊഴിൽ അല്ലെങ്കിൽ ജയിൽ സമരം നടത്തിയവരൊക്കെ ഇന്ന് എവിടെയാണ്. സെക്രട്ടേറിയറ്റിന് മുൻപിൽ ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന യുവാക്കൾക്ക് യു.ഡി.എഫിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. എച്ച്.എൻ.എൽ ഏറ്റെടുക്കാൻ നിയമസഭ ഏകകണ്ഠമായി തീരുമാനിച്ചിട്ടും അത് നടപ്പാക്കാൻ കഴിയുന്നില്ല. രണ്ട് മാസത്തിനുള്ളിൽ കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരും. സർക്കാർ നടപ്പാക്കുന്ന ആദ്യ 100 ഇനങ്ങളിൽ എച്ച്.എൻ.എൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പോൾസൺ ജോസഫ് അദ്ധ്യക്ഷനായിരുന്നു. പി.ജെ.ജോസഫ് എം.എൽ.എ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ജി.ദേവരാജൻ, എം.എം.ഹസൻ, സി.പി.ജോൺ, ബി.ആർ.എം.ഷെറീഫ്, ജോഷി ഫിലിപ്പ്, ജോസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി സ്വാഗതം പറഞ്ഞു.