പാലാ: ഇടതുമുന്നണി സർക്കാരിനോട് എത്രകണ്ട് നന്ദി പറഞ്ഞാലും അധികമാവില്ലെന്ന് മാണി സി.കാപ്പൻ എം.എൽ.എ. പാലാ സിവിൽസ്റ്റേഷൻ അങ്കണത്തിൽ ളാലം വില്ലേജ് ഓഫീസിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കവേയാണ് വീണ്ടും അഭിനന്ദനം രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം യു.ഡി.എഫ് നേതാക്കൾ അണിചേർന്ന ഐശ്വര്യകേരള യാത്രാസമ്മേളന വേദിയിലും ഇടതുസർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും, യു.ഡി.എഫിനോടൊപ്പം ചേർന്ന മാണി സി. കാപ്പൻ അനുമോദിക്കുകയും നന്ദി പറയുകയും ചെയ്തിരുന്നു. വില്ലേജ് ഓഫീസുകൾ ഹൈടെക്കാക്കുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമായിരുന്നു. ഇതനുസരിച്ച് മീനച്ചിൽ താലൂക്കിലെ വിവിധ വില്ലേജ് ഓഫീസുകൾക്ക് പുതിയ മന്ദിരങ്ങൾ നിർമ്മിക്കുന്ന പദ്ധതി മാതൃകാപരമാണെന്നും കാപ്പൻ ചൂണ്ടിക്കാട്ടി. മീനച്ചിൽ താലൂക്കിലെ ളാലം ഇലയ്ക്കാട്, ഈരാറ്റുപേട്ട, തലപ്പലം, വെളിയന്നൂർ വില്ലേജ് ഓഫീസുകളുടെ കെട്ടിട നിർമ്മാണ ഉദ്ഘാടനവും പട്ടയവിതരണവുമാണ് വിവിധ കേന്ദ്രങ്ങളിലായി ഇന്നലെ നടന്നത്. മീനച്ചിൽ താലൂക്കിലാകെ 32 പട്ടയങ്ങളാണ് ഇന്നലെ വിതരണം ചെയ്തത്.