കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ആശുപത്രിയിൽ നടക്കുന്ന യോഗത്തിൽ മന്ത്രി എം.എം. മണി, റോഷി അഗസ്റ്റിൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. 3.6 കോടി രൂപ ചെലവഴിച്ചാണ് 10 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റും കെട്ടിടവും പൂർത്തീകരിച്ചിരിക്കുന്നത്. 2019ലാണ് പി.ഡബ്ല്യു.ഡി. നിർമാണം ആരംഭിച്ചത്. കെട്ടിടത്തിന് 2.1 കോടിയും ഉപകരണങ്ങൾക്കായി 1.3 കോടിയുമാണ് അനുവദിച്ചത്. നിപ്രോയാണ് യൂണിറ്റിലെ മെഷീനുകൾ എത്തിച്ചിരിക്കുന്നത്. ഡ്യുട്ടി ഡോക്ടർ, നഴ്‌സുമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ നിയമനത്തിന് ശേഷം ഒന്നര മാസത്തിനുശേഷമേ യൂണിറ്റ് പ്രവർത്തനമാരംഭിക്കുകയുള്ളൂ. അതേസമയം നിർമാണം പൂർത്തീകരിക്കാതെ ഉദ്ഘാടനം നടത്തുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.