sthree

കോട്ടയം: ആരോരുമില്ലാത്ത സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്ന അഭയകേന്ദ്രങ്ങൾ എമ്പാടുമുണ്ടെങ്കിലും എല്ലാവരും കൊവിഡ് ഭീതിയിലാണ്. അലഞ്ഞു തിരിയുന്നവരിൽ നിന്ന് രോഗം പകരുമെന്ന ഭീതിയിൽ അത്തരക്കാരെ ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസം നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്ന് കസ്റ്റഡിയിലെടുത്ത അറുപതുകാരിയെ പല അഭയകേന്ദ്രങ്ങളിലും എത്തിക്കാൻ പിങ്ക് പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ രക്ഷകനായി 'നവജീവൻ' തോമസേട്ടൻ എത്തുകയായിരുന്നു.

കഴിഞ്ഞദിവസമാണ് മാനസിക നില തെറ്റി നാഗമ്പടം ബസ് സ്റ്റാൻഡിൽ അലഞ്ഞുതിരിഞ്ഞ് ബഹളമുണ്ടാക്കുകയും അസഭ്യവർഷം ചൊരിയുകയും ചെയ്ത 60കാരിയെ പിങ്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം ഈസ്റ്റ് പൊലീസ് അറിയിച്ചതനുസരിച്ചാണ് പിങ്ക് പൊലീസ് എസ്.ഐ അനിലാകുമാരിയുടെ നേതൃത്വത്തിൽ സി.പി.ഒ മാരായ താനിയയും ജ്യോതിമോളും രാവിലെ പത്തുമണിയോടെ നാഗമ്പടത്ത് എത്തിയത്. പൊലീസിനെ കണ്ടിട്ടും യാതൊരു കൂസലുമില്ലാതെ അസഭ്യവർഷത്തോടെ സ്ത്രീ ബഹളം വച്ചുകൊണ്ടിരുന്നു. വാഹനത്തിൽ കയറാൻ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. ബഹളം തുടർന്നുകൊണ്ടേയിരുന്നു. സ്ത്രീയുടെ ഇരു കാലുകളും നീരുവച്ച് പൊട്ടിയ നിലയിലായിരുന്നു. സ്ത്രീയായതിനാൽ ഏതെങ്കിലും വനിതാ അഭയകേന്ദ്രത്തിൽ സുരക്ഷിതമാക്കിയേ മതിയാവൂ. പിന്നെ അതിന്റെ പിറകെയായി പിങ്ക് പൊലീസ്. പല കേന്ദ്രങ്ങളിലും വിളിച്ചെങ്കിലും കൊവിഡ് ഭയം മൂലം ഏറ്റെടുക്കാനാവില്ലെന്ന് അവർ പറഞ്ഞതോടെ പൊലീസിന്റെ ആശയറ്റു. തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച് കൊവിഡ് ടെസ്റ്റ് നടത്തി. റിസൾട്ട് നെഗറ്റീവ് ആണെങ്കിലും വീണ്ടും വിവരം പറഞ്ഞ് അഭയകേന്ദ്രങ്ങളിൽ മാറിമാറി വിളിതുടർന്നു. പക്ഷേ, സ്ത്രീയെ ഏറ്റെടുക്കാൻ ആരും കൂട്ടാക്കിയില്ല.

ഒടുവിൽ നവജീവൻ സംരക്ഷണം ഏറ്റെടുക്കാൻ തയാറാണെന്ന് രക്ഷാധികാരി പി.യു തോമസ് അറിയിച്ചതോടെയാണ് പത്തു മണിക്കൂർ നീണ്ട പിങ്ക് പൊലീസിന്റെ പിരിമുറുക്കത്തിന് അയവായത്. മാനസിക നില അതീവഗുരുതരമായ സ്ത്രീയെ ഇദ്ദേഹം തന്നെ നഗരസഭയുടെ ആംബുലൻസിൽ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിത്തുടങ്ങി.

വീട് എറണാകുളത്തെന്ന് സംശയം

ഭർത്താവും മക്കളുമുണ്ടെന്നാണ് സ്ത്രീ പറയുന്നത്. പറയുന്നതൊന്നും വ്യക്തമല്ല. ഭർത്താവ് ഉപേക്ഷിച്ചതോ മക്കൾ ഇറക്കിവിട്ടതോ ആകാം. വീട് അങ്കമാലിയിലാണെന്നും വിവാഹം കഴിപ്പിച്ച് അയച്ചത് പെരുമ്പാവൂരിലാണെന്നും ഇടക്ക് സ്ത്രീ പിങ്ക് പൊലീസിനോട് പറഞ്ഞു. അന്വേഷണത്തിൽ ഇങ്ങനെയൊരു സ്ത്രീയെ കാണാതായതായി അങ്കമാലി, പെരുമ്പാവൂർ സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചിട്ടില്ല. രോഗം അല്പമെങ്കിലും ഭേദമായാൽ മാത്രമേ സ്ത്രീയിൽ നിന്നും കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളു.