
കോട്ടയം: കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കാന്റീൻ പൊളിക്കും. പകരം പൊതുജനങ്ങളുടെ വാഹനങ്ങൾക്കും ഇന്ധനം നിറയ്ക്കാവുന്ന പമ്പ് സ്ഥാപിക്കും. കെ.എസ്.ആർ.ടി.സി പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് പദ്ധതി.
സംസ്ഥാനത്ത് 67 ഡിപ്പോകളിൽ ഈ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷനുമായി കെ.എസ്.ആർ.ടി.സി ധാരണാ പത്രം ഒപ്പിട്ടു. കോട്ടയത്തെ ഡിപ്പോയ്ക്കുള്ളിലെ കൺസ്യൂമർ പമ്പിൽ നിന്ന് നിലവിൽ ഡീസൽ നൽകുന്നത് കെ.എസ്.ആർ.ടി.സി ബസുകൾക്ക് മാത്രമാണ്. സ്റ്റാൻഡിനകത്തുള്ള ഈ പമ്പ് സ്വകാര്യവാഹനങ്ങൾക്കായി തുറന്നു കൊടുത്താൽ സ്‌റ്രാൻഡിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാലാണ് റോഡരികിലെ കാന്റീനും അഡ്മിനിസ്ട്രേഷൻ വിഭാഗവും പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചു മാറ്റി പമ്പ് സ്ഥാപിക്കുന്നത്.
വരുന്നത് റീട്ടെയ്ൽ ഔട്ട് ലെറ്റ്
ഡിപ്പോയുടെ മുൻവശത്ത് ആധുനിക ഓൺലൈൻ ഫ്യുവൽ മോണിറ്ററിംഗ് സംവിധാനമുള്ള റീട്ടെയ്ൽ ഔട്ട് ലെറ്റാണ് സ്ഥാപിക്കുന്നത്. നിലവിൽ 2 ഡീസൽ ടാങ്കാണ് ഇവിടെ ഉള്ളത്. പെട്രോളിനായി ഒരു ടാങ്ക് കൂടി നിർമിക്കും. സ്ഥല സൗകര്യവും ചുറ്റുപാടും അനുയോജ്യമായതിനാലാണ് പദ്ധതിക്ക് അനുമതി കിട്ടിയത്. ചെലവ് മുഴുവൻ ഐ.ഒ.സി വഹിക്കും.
വൈകിയേക്കും
പദ്ധതിക്കായുള്ള സ്ഥലത്തെ കെട്ടിടം പൊളിക്കുമ്പോൾ പകരം സൗകര്യം എവിടെ ഒരുക്കുമെന്നതിൽ തീരുമാനമായിട്ടില്ല. ശൗചാലയം, കഫറ്റേരിയ എന്നിവയും പമ്പിനോടനുബന്ധിച്ച് നിർമിക്കും. അധികം വൈകാതെ സി.എൻ.ജി, എൽ.എൻ.ജി സംവിധാനത്തിനുള്ള പദ്ധതിയുമുണ്ട്.
കെ.എസ്.ആർ.ടി.സി ജീവനക്കാരെയാകും ഡിപ്പോയിൽ ജോലിയ്ക്ക് നിയോഗിക്കുക. ചങ്ങനാശേരി, വൈക്കം ഡിപ്പോകളിലും പദ്ധതി ആലോചിക്കുന്നുണ്ട്.
24 മണിക്കൂറും
പ്രവർത്തിക്കുന്ന
പെട്രോൾ,
ഡീസൽ പമ്പ്
'' പദ്ധതിക്കായി കാന്റീനിരിക്കുന്ന സ്ഥലവും പരിസരവും ഉപയോഗിക്കാമെന്നാണ് കണ്ടെത്തൽ. അധികമുള്ള ജീവനക്കാരെ പമ്പിൽ നിയോഗിക്കും. സ്ഥലം പാട്ടത്തിന് നൽകും. നിർമാണവും മറ്റും ഐ.ഒ.സി നേരിട്ടാണ്''
ഡി.ടി.ഒ, കോട്ടയം